തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു പരാതി.
മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. പരാതിയിൽ തൃശൂർ എസിപി, അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. നാളെ രാവിലെ 11 മണിക്ക് തൃശൂർ പൊലീസ് മൊഴിയെടുക്കും.
വിശദാംശങ്ങൾ ചുവടെ:
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ രാമനിലയത്തിൽ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവർത്തകരോട് അപമാനകരമായ രീതിയിൽ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ബിഎൻഎസ് അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ അനിൽ പറഞ്ഞിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സർക്കാർ ഉടമസ്ഥതയിലുള്ള രാമനിലയത്തിൽവെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി രൂക്ഷമായി പെരുമാറിയത്. പ്രകോപിതനായി സിനിമാ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ് പോകാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തിൽ കണ്ടത്.