പുണെ: വിവാദ ഐഎഎസ് പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്കറുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് പുണെ റൂറല്‍ പൊലീസ്. മനോരമ ഖേദ്കര്‍, ദിലീപ് ഖേദ്കര്‍ എന്നിവര്‍ക്കെതിരെയാണ് പുണെയിലെ പോഡ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കര്‍ഷകന്റെ പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോരമ ഖേദ്കറിനും ദിലീപിനും പുറമെ 5 പേര്‍ കൂടി കേസില്‍ പ്രതികളാണ്.
വനിതാ ബൗണ്‍സര്‍മാര്‍ക്കൊപ്പം എത്തിയ മനോരമ കര്‍ മുല്‍ഷിയിലെ കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത് മുല്‍ഷി താലൂക്കില്‍ 25 ഏക്കര്‍ ഭൂമി അനധികൃതമായി സമ്പാദിച്ച കേസില്‍ പൂജയുടെ പിതാവും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കര്‍ നേരത്തെ പ്രതിയായിരുന്നു.
അതേസമയം സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുള്‍പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട പൂജ ഖേദ്കര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന പൂജയ്‌ക്കെതിരെ കേന്ദ്രം നിയോഗിച്ച ഏകാംഗ കമ്മിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ചകള്‍ കണ്ടെത്തിയാല്‍ ജോലിയില്‍നിന്ന് വരെ പിരിച്ചുവിടാനും പൂജയ്‌ക്കെതിരെ വ്യാജരേഖ ചമച്ചതിനു കേസെടുക്കാനും സാധ്യതയുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാള്‍ എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും, കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമാണ് കമ്മിറ്റി അന്വേഷിക്കുക.