സ്വകാര്യ പ്രസില്‍ നിന്നും പണം തട്ടിയെടുത്ത സെയില്‍സ് മാനേജര്‍ക്കെതിരെ കേസ്

സ്വകാര്യ പ്രസില്‍ നിന്നും പണം തട്ടിയെടുത്ത സെയില്‍സ് മാനേജര്‍ക്കെതിരെ കേസ്
സ്വകാര്യ പ്രസില്‍ നിന്നും പണം തട്ടിയെടുത്ത സെയില്‍സ് മാനേജര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സ്വകാര്യ പ്രസില്‍ നിന്നും പണം തട്ടിയെടുത്ത സെയില്‍സ് മാനേജര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഗാന്ധാരി അമ്മന്‍ കോവിലിന് സമീപം പ്രവൃത്തിക്കുന്ന ഓറഞ്ച് പ്രിന്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് മുന്‍ സെയില്‍ മാനേജറായ പത്തനംതിട്ട സ്വദേശി ബാസ്റ്റിന്‍ പണം തട്ടിയതെന്ന് ഉടമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണക്കുകളില്‍ കൃത്രിമം കാണിച്ചാണ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തത്.

നല്ല രീതിയില്‍ പ്രവൃത്തിക്കുന്ന സ്ഥാപനത്തിലേക്ക് വര്‍ക്ക് ഓര്‍ഡുകള്‍ ധാരാളം എത്തിയിരുന്നു. പ്രിന്റിംഗിനെത്തിയിരുന്നവരില്‍ നിന്നും പണം വാങ്ങിയിരുന്നതെല്ലാം സെയില്‍സ് മാനേജറായ ബാസ്റ്റിനാണ്. ഒരുപാട് പ്രിന്റിംഗ് വര്‍ക്കുകള്‍ വരുന്നുണ്ടെങ്കിലും സ്ഥാപനത്തിന്റെ പോക്ക് നഷ്ടത്തിലേക്കായിരുന്നു. ഉമകള്‍ ഓഡിറ്റ് നടത്തിയിട്ടുപോലും നഷ്ടം എങ്ങനെയാണെന്ന് കണ്ടെത്താനായില്ല. അപ്പോഴാണ് സെയില്‍സ് മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം നേരിട്ട് വാങ്ങിയതായി ചില ഇടപാടുകാരില്‍ നിന്നും വിവരം ലഭിച്ചത്. സെയില്‍സ് മാനേജര്‍ക്ക് കമ്പനിയാണ് ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കിയിരുന്നത്. ഈ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കോടികളുടെ ഇടപാട് നടന്നിട്ടുള്ളതായി കണ്ടത്.

കമ്പ്യൂട്ടറില്‍ അതിവിദഗ്ദമായി ഓഡറിലെ കണക്കും , കമ്പനിലേക്ക് വന്ന തുകയിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ് നടന്നതെന്ന് ഓറഞ്ച് പ്രസ് ഡയറക്ടര്‍ സജിത് പറഞ്ഞു. പൂന്തുറ പൊലീസിലാണ് പ്രസ് ഉടമകള്‍ ആദ്യം പരാതി നല്‍കിയത്. പണം എടുത്ത കാര്യം സമ്മതിച്ച മാനേജര്‍ തിരികെ നല്‍കാമെന്നും വാഗ്ദാനം നല്‍കിയെന്ന് ഉടമകള്‍ പറയുന്നു. മെയ് മാസം പണം തിരികെ നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തിനാല്‍ ഉടമകള്‍ തമ്പാനൂര്‍ പൊലീസില്‍ വീണ്ടും പരാതി നല്‍കി. സാമ്പത്തിക തട്ടിപ്പ് നടന്നതിന് തെളിവ് ലഭിച്ചതായി തമ്പാനൂര്‍ പൊലീസും പറഞ്ഞു. പ്രതിയായ ബാസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

Top