കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട്ടിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒലിപ്രം കടവ് വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
കെ കെ ശൈലജയ്‌ക്കെതിരെ ഹരിഹരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കെ എസ് ഹരിഹരനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വടകര പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹിളാ അസോസിയേഷന്‍ നേതാവ് പുഷ്പദ നല്‍കിയ പരാതിയിലാണ് കേസ്. വടകരയില്‍ സിപിഐഎം വര്‍ഗീയതക്കെതിരെ യുഡിഎഫ് – ആര്‍എംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമര്‍ശം. ‘ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം. പിന്നാലെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. സംഭവത്തില്‍ കെ കെ ശൈലജയോടും നടി മഞ്ജു വാര്യരോടും മാപ്പ് പറയുന്നതായി കെ എസ് ഹരിഹരന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡിബേറ്റ് വിത്ത് അരുണ്‍ കുമാറിലും ആവര്‍ത്തിച്ചു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂര്‍വ്വം ഉദ്ദേശിച്ചതല്ലെന്നും പൂര്‍ണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാപ്പ് പറയുന്നുവെന്നും കെ എസ് ഹരിഹരന്‍ വ്യക്തമാക്കുകയായിരുന്നു.
ഇന്നലെ രാത്രി 8.15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ?ഗേറ്റിന് നേരെയാണ് മാരക ശബ്ദമുള്ള സ്‌ഫോടകവസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് വിവരം. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്ഫോടക വസ്തുവെറിഞ്ഞത്.