ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരാതിയിലാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192, 196 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ സിഖുകാരെ കുറിച്ചുള്ള പരാമര്‍ശം ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയാണ് നമ്പര്‍ വണ്‍ ഭീകരവാദിയെന്നും പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും രവനീത് സിങ് ബിട്ടു പറഞ്ഞിരുന്നു.
‘രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. ഭൂരിഭാഗം സമയവും രാഹുല്‍ ഇന്ത്യക്ക് പുറത്താണ് ചിലവഴിക്കുന്നത്. തന്റെ രാജ്യത്തെ രാഹുല്‍ സ്‌നേഹിക്കുന്നില്ല. അതിനാലാണ് വിദേശത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി പറയുന്നത്. പിടികിട്ടാപ്പുള്ളികളും വിഘടനവാദികളും, ബോംബും തോക്കുമെല്ലാം നിര്‍മിക്കുന്നവരുമാണ് രാഹുല്‍ ഗാന്ധി പറയുന്നതിനെ പിന്തുണയ്ക്കുന്നത്’, രവനീത് സിങ് ബിട്ടു പറഞ്ഞു.
രാജ്യത്തെ സിഖ് വിഭാഗക്കാര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങള്‍ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. സിഖുകാരനാണെങ്കില്‍ അദ്ദേഹത്തിന് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ, സിഖുകാരന് ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോ, അതിനെല്ലാം വേണ്ടിയാണ് ഈ പോരാട്ടം. സിഖുകാരന് വേണ്ടി മാത്രമല്ല, എല്ലാ മതവിഭാഗക്കാര്‍ക്കും വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.