ഇടുക്കി: കട്ടപ്പന കുന്തളംപാറയിൽ വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്തളംപാറ വീരഭവനം വീട്ടിൽ എസ് മണിയെ (47) യെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‍ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 2 വർഷം വീതം അധിക തടവും അനുഭവിക്കണം. 2020 ജൂൺ രണ്ടിന് അയൽവാസിയായ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ (65)യാണ് പ്രതി കൊലപ്പെടുത്തിയത്. ബലാത്സംഗശ്രമം എതിർത്ത അമ്മിണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കാണാതായ അമ്മിണിക്കായി അന്വേഷണം നടക്കവേ ജൂലൈ 14ന് കട്ടപ്പന എസ്ഐ ആയിരുന്ന സന്തോഷ് സജീവും സംഘവും അമ്മിണിയുടെ വീടിന് സമീപത്ത് ഒരു മൺകൂന കണ്ടെത്തിയത്. ഇതിനേ തുടർന്ന് തോന്നിയ സംശയത്തിൽ മൺകൂന ഇളക്കി പരിശോധിച്ചപ്പോഴാണ് 65കാരിയുടെ ജീർണിച്ച ജഡം കണ്ടെത്തിയത്. വീട്ടിൽ നിന്ന് അമ്മിണിയുടേതായ റേഡിയോ, ഇസ്തിരിപ്പെട്ടി, പാത്രങ്ങൾ തുടങ്ങിയവ കാണാതെപോയിട്ടുണ്ടെന്ന് മൊഴിയും നൽകി.
Also read: ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
വണ്ടൻമേട് സിഐ വി.എ നവാസ് നടത്തിയ തുടരന്വേഷണത്തിൽ ജൂലൈ 22ന് തേനി ബസ് സ്റ്റാൻഡിൽനിന്ന് പ്രതിയെ പിടികൂടി. കവർന്ന വസ്‍തുക്കൾ പലയിടങ്ങളിൽനിന്നായി കണ്ടെടുത്തു. കൊല്ലാൻ ഉപയോഗിച്ച കത്തിയും മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച തൂമ്പയും കണ്ടെത്തി. തുടർന്ന് കട്ടപ്പന സിഐ വിശാൽ ജോൺസണാണ് കുറ്റപത്രം സമർപ്പിച്ചത്.
Also read: സ്കൂൾ വിദ്യാർത്ഥിയോട് ലൈംഗീകാതിക്രമം; 70 കാരന് 13 വർഷം കഠിനതടവ്
അമ്മിണിയെ കാണാതായി ഒന്നരമാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ഒറ്റയ്‍ക്ക് താമസിച്ചിരുന്ന അമ്മിണിയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നു. ശാസ്‍ത്രീയ, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്‍തരിച്ചു. 72 പ്രമാണങ്ങൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് രാജേഷ് ഹാജരായി.