മലപ്പുറം: നാടുകാണി ചുരത്തില്‍ പോത്തുകളുടെ ജഡം തള്ളി. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം പടര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് പോത്തുകളുടെ ജഡം കണ്ടെത്തിയത്. ഒന്നാം വളവിന് താഴെ മുപ്പതടി താഴ്ചയിലാണ് തൊട്ടടുത്തായി രണ്ട് പോത്തുകളെ പരിശോധനയില്‍ കണ്ടത്. എടക്കര കാലിചന്തയില്‍ കാലികളെ ഇറക്കി പോവുന്ന ലോറിയില്‍ നിന്നാണ് ചുരത്തില്‍ ചത്ത പോത്തുകളെ തള്ളിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Also Read: പൊരിച്ച ചിക്കനിൽ ചത്ത പുഴു; ഹോട്ടൽ പൂട്ടിച്ച് അധികൃതർ
നാടുകാണി ചുരത്തിലൂടെ മഴ സമയത്ത് ചെറിയ ചോലകള്‍ ഒഴുകുന്ന സ്ഥലമാണിത്. ചോല വെള്ളം ഒഴുകുന്ന സ്ഥലത്ത് മൂന്ന് ജലനിധി പദ്ധതികളുമുണ്ട്. ആനമറി പ്രദേശവാസികളും ചുരത്തിലെ യാത്രക്കാരും അസഹ്യമായ ദുര്‍ഗന്ധം കാരണം പ്രദേശത്ത് പരിശോന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ പഴക്കമുള്ള രണ്ട് പോത്തുകളെ അഴുകാന്‍ തുടങ്ങിയ നിലയില്‍ കണ്ടത്. ചെക്ക്പോസ്റ്റില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പരിശോധിച്ച് പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.