പരപ്പനങ്ങാടി: ലോറിയില്‍ കുരുങ്ങി ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് തകര്‍ന്നു വീണതോടെ ദുരിതത്തിലായി കോവിലകം റോഡ് യാത്രികര്‍. ഞായറാഴ്ച പകല്‍ 12നാണ് റെയില്‍വെ ഗേറ്റ് ബാര്‍ ലോറിയില്‍ തട്ടി വീണത്. ഇതേ തുടര്‍ന്ന് കോഴിക്കോട്-പരപ്പനങ്ങാടി റോഡിലെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഇതോടെ ചേളാരി റോഡില്‍നിന്ന് പരപ്പനങ്ങാടിയിലേക്കും പരപ്പനങ്ങാടിയില്‍നിന്ന് ചേളാരിയിലേക്കുമുള്ള ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നു പോയത് കോവിലകം റോഡ് വഴിയാണ്. തകർന്നു കിടന്നിരുന്ന കോവിലകം റോഡിലെ യാത്ര ഇതോടെ ഏറെ ബുദ്ധിമുട്ടിലായി.
തിരൂരില്‍നിന്ന് ദക്ഷിണ റയില്‍വേ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി ഗേറ്റ് നന്നാക്കാനുള്ള നടപടി സ്വീകരിച്ചു. ആര്‍.പി.എഫ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം ആറോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് അടിക്കടി അടര്‍ന്നു വീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.