CMDRF

ചക്കയില്‍ കേമന്‍ കടച്ചക്ക

ചക്കയില്‍ കേമന്‍ കടച്ചക്ക
ചക്കയില്‍ കേമന്‍ കടച്ചക്ക

മ്മുടെയൊക്കെ നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ സുലഭമായ ഒന്നാണ് കടച്ചക്ക. തെക്കന്‍ കേരളത്തില്‍ ശീമച്ചക്ക എന്നും പറയാറുണ്ട്. കടച്ചക്ക പല രീതിയില്‍ പാചകം ചെയ്യാറുണ്ട്. വയറിളക്കം, ആസ്തമ, ത്വക്ക് രോഗങ്ങള്‍ തുടങ്ങി പലവിധ രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുള്ള പ്രകൃതിദത്ത ഔഷധമായി കടച്ചക്ക കണക്കാക്കി വരുന്നു. ആര്‍ട്ടോകാര്‍പസ് ആല്‍റ്റിലിസ് എന്ന് ശാസ്ത്രീയ നാമമുള്ള ബ്രെഡ്ഫ്രൂട്ട് അഥവാ കടച്ചക്ക മൊറേസി കുടുംബത്തില്‍ നിന്നുള്ള ഉഷ്ണമേഖലാ ഫലമാണ്. ദക്ഷിണ പസഫിക് ദ്വീപുകളിലാണ് ഇവയെ ആദ്യം കണ്ടെത്തിയത്.

ഇപ്പോള്‍ ആഗോളതലത്തില്‍ വിവിധ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്നുവെന്ന് ഹൈദരാബാദിലെ കാമിനേനി ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ എന്‍.ലക്ഷ്മി പറഞ്ഞു. മധുരക്കിഴങ്ങിന്റെ രുചിക്ക് സമാനമാണ് കടച്ചക്കയ്ക്കുള്ളത്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീനുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. വളരെയധികം നാരുകളുള്ള കടച്ചക്ക മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും. ഇതില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് മികച്ചതാണ്.

ഭക്ഷണത്തില്‍ കടച്ചക്ക ഉള്‍പ്പെടുത്തുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് എന്‍.ലക്ഷ്മി അഭിപ്രായപ്പെട്ടു. ഇതിന്റെ അന്നജ സ്വഭാവം സുസ്ഥിരമായ ഊര്‍ജം പ്രദാനം ചെയ്യുന്നു, ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം ദഹന ആരോഗ്യത്തെ സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ പറഞ്ഞു. പൊതുവെ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും കടച്ചക്കയ്ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലാറ്റക്‌സ് അലര്‍ജിയുള്ളവര്‍ കടച്ചക്ക കഴിക്കുന്നതിനു മുന്‍പ് ജാഗ്രതയും വിദഗ്ധരുടെ നിര്‍ദേശവും തേടണം.

Top