കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. താരതമ്യേന അതിവേഗത്തിലാണ് സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്ന് പറയാം. അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് ഈ വേഗത്തിലുള്ള നടപടി.
കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള 20 പേരെ പ്രതികളാക്കി കൊണ്ടാണ് പ്രാഥമിക കുറ്റപത്രം. സിദ്ധാര്‍ത്ഥിന്റെ കോളേജ് ക്യാംപസിലെത്തി നേരത്തെ സിബിഐ വിശദമായ പരിശോധന നടത്തിയിരുന്നു. മുന്‍ വിസി, ഡീന്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയെല്ലാം മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ അതിവേഗത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥന്റെ മരണമുണ്ടാകുന്നത്. ഇതിന് ശേഷം 90 ദിവസത്തിനകം തന്നെ പ്രാഥമിക കുറ്റപത്രം വന്നില്ലെങ്കില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ അവസരമുണ്ടാകും. ഇത് കണക്കിലെടുത്താണ് സിബിഐ സംഘത്തിന്റെ നീക്കം.
റാഗിങ്, ആത്മഹാത്യാ പ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് വരുന്ന അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്നും സിബിഐ അറിയിച്ചതാണ്.