CMDRF

ജെസ്ന തിരോധാന കേസിൽ സിബിഐ നാളെ മുണ്ടക്കയത്ത്; ജീവനക്കാരിയുടെ മൊഴിയെടുക്കും

ജെസ്ന തിരോധാന കേസിൽ സിബിഐ നാളെ മുണ്ടക്കയത്ത്; ജീവനക്കാരിയുടെ മൊഴിയെടുക്കും
ജെസ്ന തിരോധാന കേസിൽ സിബിഐ നാളെ മുണ്ടക്കയത്ത്; ജീവനക്കാരിയുടെ മൊഴിയെടുക്കും

കോട്ടയം: ജെസ്ന തിരോധാന കേസിൽ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ജെസ്‌നയെ കണ്ടെന്ന് കഴിഞ്ഞദിവസമാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്‌നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അന്ന് ലോഡ്ജില്‍ ഒരു പയ്യൻ ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവർ അവിടെ ചിലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. അതേസമയം, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനുപിന്നിലെന്നുമായിരുന്നു ലോഡ്ജുടമ ബിജുസേവ്യറുടെ പ്രതികരണം.അതേസമയം, ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജെസ്നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കേസില്‍ സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു.

‘അവര്‍ പറഞ്ഞതിന് ഒരിക്കലും സാധ്യതയില്ല. അന്ന് സിസിടിവിയില്‍ കണ്ടത് ജെസ്‌ന അല്ലെന്ന് അന്നേ കണ്ടുപിടിച്ചതാണ്. ഈ സ്ത്രീ പറയുന്നതില്‍ വാസ്തവമില്ല. ഈ സ്ത്രീയാണോ അവരുടെ സുഹൃത്താണോ എന്നറിയല്ല, ഒരുമാസം മുന്‍പ് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. എന്റെ കൂടെ സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ ഞാന്‍ അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവര്‍ അന്വേഷിച്ച് ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണ്‌’, ജെയിംസ് വ്യക്തമാക്കി.

Top