ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന കെ കവിതയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കോടതിയെ സമീപിച്ച് സിബിഐ. ഇഡി അറസ്റ്റ് ചെയ്ത കെ കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സിബിഐ പറയുന്നു. തിങ്കളാഴ്ച കവിതയുടെ ഇടക്കാല ജാമ്യാ അപേക്ഷയില്‍ റൗസ് അവന്യൂ കോടതി വിധി പറയാനിരിക്കെയാണ് സിബിഐ നീക്കം.
കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സഞ്ജയ് സിംഗിന് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ് നല്‍കി. അരവിന്ദ് കെജ്രവാള്‍ രാജിവെക്കില്ല എന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സഞ്ജയ് സിംഗ് അറിയിച്ചു.
ബിജെപിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല. നരേന്ദ്രമോദി ചെവി തുറന്നുകേള്‍ക്കൂ. ആം ആദ്മിയുടെ മന്ത്രിയും പ്രവര്‍ത്തകരും നേതാക്കളും അരവിന്ദ് കെജ്രവാളിനൊപ്പമാണ്. അധിക നാള്‍ ബിജെപിയുടെ ഏകാധിപത്യം നീളില്ല. അധികനാള്‍ നിങ്ങളെ വാഴിക്കില്ല. ബിജെപി നേതാക്കള്‍ ഓര്‍ത്തുവെച്ചോ. ഡല്‍ഹിയുടെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനാണ് കെജ്രവാള്‍ അടക്കം നേതാക്കളെ ജയിലിലടച്ചത്. ഡല്‍ഹിയിലെ 2 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് കെജ്രവാള്‍ പ്രവര്‍ത്തിക്കുന്നത്. എഎപി പിറവിയെടുത്തത് പ്രക്ഷോഭത്തില്‍ നിന്നാണ്. ഒന്നിനെയും ഭയപ്പെടില്ലെന്ന് ഓര്‍ത്തോളൂ. ബിജെപിക്ക് മറുപടി നല്‍കേണ്ട സമയം ആഗതമായി. രാജ്യത്തുടനീളമുള്ള എല്ലാ അഴിമതിക്കാരെയും അവര്‍ ചേര്‍ത്തുപിടിച്ചു.
മോദി ഗുജറാത്തില്‍ ടെന്റ് കൊണ്ടുള്ള സ്‌കൂള്‍ ആണ് നിര്‍മിച്ചത്. ഞങ്ങളുടെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ ശീതികരിച്ച സ്‌കൂളുകള്‍ പണിതു. അരവിന്ദ് കെജ്രവാള്‍ രാജിവെക്കില്ല. ഡല്‍ഹിയിലെ 2 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും ഇഡി വേട്ടയാടുന്നു എന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.