ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിൽ അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളി കൃഷ്ണ എസ്, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍ എന്നിവരെയാണ് നിയമിച്ചത്.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാറിനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് 2023 ഒക്ടോബര്‍ പത്തിനാണ്. ആലപ്പുഴ ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കെ 2012 ഒക്ടോബറില്‍ ജില്ലാ ജഡ്ജിയായി ഒന്നാം റാങ്കോടെയാണ് കൃഷ്ണകുമാര്‍ നേരിട്ട് തിരഞ്ഞെടുക്കപെട്ടത്. കൊല്ലത്തും തിരുവനന്തപുരത്തും അഡീഷണല്‍ ജില്ലാ ജഡ്ജിയായും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ജഡ്ജിയായും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read: 12 പി.ജി സീറ്റുകള്‍ക്ക് സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ അനുമതി
എറണാകുളം എന്‍.ഐ.എ/ സി.ബി.ഐ. സ്പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐ.എസ്.ഐ.എസ്. കേസ്, നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ കൃഷ്ണകുമാര്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാറിനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് 2024 ഒക്ടോബര്‍ പതിനഞ്ചിനാണ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളി കൃഷ്ണയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് 2024 ഒക്ടോബര്‍ പതിനഞ്ചിനാണ്. കാസര്‍കോട് ജില്ല കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരവേ 2014 മാര്‍ച്ച് 14-ന് നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായ മുരളീകൃഷ്ണ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയായും മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സെബാസ്റ്റ്യനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് 2024 ഒക്ടോബര്‍ പതിനഞ്ചിനാണ്. തൊടുപുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായിരിക്കെ 2014 മാര്‍ച്ച് 14-ന് നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് 2024 ഒക്ടോബര്‍ പതിനഞ്ചിനാണ്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരവേ 2014 മാര്‍ച്ച് 14-ന് നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി.
Also Read: വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ക്കെതിരെ ജാഗ്രതാ നിർദേശവുമായി നോര്‍ക്ക
കേരള ഹൈക്കോടതിയിലെ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. പുതിയ അഞ്ച് ജഡ്ജിമാര്‍ കൂടി ചുമതല ഏല്‍ക്കുന്നതോടെ ഹൈക്കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 45 ആകും.