തൊഴിലാളികൾക്കുള്ള മിനിമം വേതന നിരക്ക് പരിഷ്കരിച്ച് കേന്ദ്രം

തൊഴിൽ നൈപുണ്യ നിലവാരത്തിന് അനുസൃതമായാണ് മിനിമം വേതന നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്

തൊഴിലാളികൾക്കുള്ള മിനിമം വേതന നിരക്ക് പരിഷ്കരിച്ച് കേന്ദ്രം
തൊഴിലാളികൾക്കുള്ള മിനിമം വേതന നിരക്ക് പരിഷ്കരിച്ച് കേന്ദ്രം

മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സ‍ർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ‍ർക്കാ‍‍ർ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവ‍ർക്ക് മിനിമം വേതന നിരക്ക് വർധിപ്പിച്ചത് ​സഹായകമാകും എന്നാണ് സ‍ർക്കാ‍‍ർ പറയുന്നത്. 2024 ഒക്ടോബർ 1 മുതൽ മിനിമം വേതന നിരക്ക് പ്രാബല്യത്തിൽ വരും.

കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, ഖനനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് പുതുക്കിയ വേതനം പ്രയോജനപ്പെടും.

തൊഴിൽ നൈപുണ്യ നിലവാരത്തിന് അനുസൃതമായാണ് മിനിമം വേതന നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. അവിദഗ്ധ, അർദ്ധ-‌വൈദ​ഗ്ധ്യ, വൈദഗ്ധ്യമുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള എന്നിങ്ങനെയാണ് തൊഴിൽ നൈപുണ്യം തിരിച്ചിരിക്കുന്നത്. കൂടാതെ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരി​ഗണിച്ച് എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

പുതിയ പരിഷ്‌ക്കരണ പ്രകാരം ഏരിയ ‘എ’യിൽ വരുന്ന നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 783 രൂപ ലഭിക്കും. പ്രതിമാസം ഇത് 20,358 രൂപയായിരിക്കും. അർദ്ധ നൈപുണ്യമുള്ള തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ ലഭിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും ക്ലറിക്കൽ തൊഴിലാളികൾക്കും പ്രതിദിനം 954 രൂപയാണ് ലഭിക്കുക, പ്രതിമാസം 24,804 രൂപ. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ആയുധധാരികളായ വാച്ച് ആൻഡ് വാ‍‌‍ർഡ് എന്നിവർക്കും പ്രതിദിനം 1,035 രൂപ ലഭിക്കും, പ്രതിമാസം 26,910 രൂപയാണ് ലഭിക്കുക.

2024 ലെ രണ്ടാമത്തെ വേതന ക്രമീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിലിൽ മാസത്തിലും വേതനക്രമീകരണം നടത്തിയിരുന്നു. ഉപഭോക്തൃ വില സൂചികയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ വ്യാവസായിക തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിയർനസ് അലവൻസ് രണ്ട് വർഷത്തിലൊരിക്കൽ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പരിഷ്കരിക്കാനാണ് സ‍ർക്കാർ തീരുമാനം. വിവിധ മേഖലകൾ, വിഭാഗങ്ങൾ, പ്രദേശങ്ങൾ എന്നിവയുടെ പുതുക്കിയ വേതന നിരക്കുകളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) വെബ്‌സൈറ്റിൽ clc.gov.in ൽ ലഭ്യമാണ്.

Top