വിസ ലംഘനവും വംശീയ വിവേചനവും, നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണവുമായി കേന്ദ്രം

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏതെങ്കിലും അന്വേഷണത്തെക്കുറിച്ച് കമ്പനിക്ക് അറിയില്ല എന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞു

വിസ ലംഘനവും വംശീയ വിവേചനവും, നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണവുമായി കേന്ദ്രം
വിസ ലംഘനവും വംശീയ വിവേചനവും, നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണവുമായി കേന്ദ്രം

വിസ ലംഘനം, വംശീയ വിവേചനം, നികുതി വെട്ടിപ്പ്. ഒരു സിനിമയ്ക്കോ, സീരീസിനോ പോന്ന വിഷയങ്ങള്‍. പക്ഷെ സിനിമയും, സീരീസും സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്ളിക്സിനെതിരായ ആരോപണങ്ങള്‍ ആണ് ഇവ. ഈ വിഷയങ്ങളുടെ പേരില്‍ നെറ്റ്ഫ്ളിക്സിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2020ല്‍ കമ്പനി വിട്ട നെറ്റ്ഫ്ലിക്സ് മുന്‍ എക്സിക്യൂട്ടീവ് നന്ദിനി മേത്തയ്ക്കാണ് കേന്ദ്രത്തിന്‍റെ ഇ-മെയില്‍ പോയിരിക്കുന്നത്. കമ്പനിയുടെ പെരുമാറ്റം, വിസ ലംഘനങ്ങള്‍, നികുതി വെട്ടിപ്പ്, വംശീയ വിവേചനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച് തങ്ങള്‍ക്ക് ചില വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ദീപക് യാദവ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ (എഫ്ആര്‍ആര്‍ഒ) ഉദ്യോഗസ്ഥനാണ് ദീപക് യാദവ്. കമ്പനിയുടെ മുന്‍ നിയമ എക്സിക്യൂട്ടീവായതിനാലാണ് വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ട് നന്ദിനി മേത്തയ്ക്ക് അധികൃതര്‍ സന്ദേശമയച്ചിരിക്കുന്നത്.

അതേ സമയം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏതെങ്കിലും അന്വേഷണത്തെക്കുറിച്ച് കമ്പനിക്ക് അറിയില്ല എന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞു. ഇ മെയില്‍ അയച്ച ഉദ്യോഗസ്ഥനായ ദീപക് യാദവ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. എഫ്ആര്‍ആര്‍ഒയും ആഭ്യന്തര മന്ത്രാലയവും, വാര്‍ത്ത പുറത്തുവിട്ട ആഗോള മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്‍റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്നാണ് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് (എഫ്ആര്‍ആര്‍ഒ) പ്രവര്‍ത്തിക്കുന്നത്.

തെറ്റായ രീതിയില്‍ പിരിച്ചുവിട്ടതിനും വംശീയ-ലിംഗ വിവേചനത്തിനും നെറ്റ്ഫ്ലിക്സിനെതിരെ യുഎസില്‍ ഒരു കേസ് നടത്തുകയാണ് നന്ദിനി മേത്ത. അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അധികാരികള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പരസ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി. 2018 ഏപ്രില്‍ മുതല്‍ 2020 ഏപ്രില്‍ വരെ കമ്പനിയുടെ ലോസ് ഏഞ്ചല്‍സിലെയും മുംബൈയിലെയും ഓഫീസുകളില്‍ മേത്ത ജോലി ചെയ്തിരുന്നു. ഏകദേശം 10 ദശലക്ഷം വരിക്കാരാണ് ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സിനുള്ളത്. ഐസി 814 എന്ന സീരീസില്‍ വിമാനം തട്ടിക്കൊണ്ടുപോകുന്ന ഭീകരന്‍മാരായി ഹിന്ദു മതത്തില്‍പ്പെട്ടവരെ ചിത്രീകരിച്ചതിനെതിരെ നെറ്റ്ഫ്ളിക്സിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Top