CMDRF

ആർജി കർ കോളേജിൽ പരിശോധന നടത്തി കേന്ദ്രസേന

ആർജി കർ കോളേജിൽ പരിശോധന നടത്തി കേന്ദ്രസേന
ആർജി കർ കോളേജിൽ പരിശോധന നടത്തി കേന്ദ്രസേന

കൊൽക്കത്ത: യുവഡോക്ടർ കൊല്ലപ്പെട്ട ആർ ജി കർ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി കേന്ദ്രസേനാ ഉദ്യോഗസ്ഥർ. കേസിൽ കൊൽക്കത്ത പൊലീസിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കോളേജിൽ കേന്ദ്രസേനയുടെ പരിശോധന. കാലത്ത് കോളേജിലെത്തിയ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർ അടിച്ചുതകർത്ത ഭാഗങ്ങളടക്കം പരിശോധിച്ചു. ആവശ്യമെങ്കിൽ ഹോസ്പിറ്റലിന്റെ സുരക്ഷയും കേന്ദ്രസേന ഏറ്റെടുത്തേക്കും. പരിശോധനകൾ എല്ലാം കഴിഞ്ഞ ശേഷം സംഘം സ്ഥിതിഗതികൾ വിലയിരുത്തും. ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.

അതേസമയം, യുവഡോക്ടറുടെ കൊലപാതകത്തിൽ ബംഗാളിൽ എങ്ങും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധത്തിൽ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലിയും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഭാര്യ ഡോണയ്ക്കൊപ്പമാകും ​ഗാം​ഗുലി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുകയെന്നാണ് റിപ്പോർട്ട്. നേരത്തെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ എക്സിലെ പ്രൊഫൈൽ പിക്ചർ സൗരവ് ​ഗാം​ഗുലി കറുത്ത നിറത്തിലാക്കിയിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തിയത്.

കൊൽക്കത്ത കൊലപാതകത്തെ ഒറ്റത്തവണ സംഭവിക്കുന്നതെന്ന നിലയിൽ ​ഗാം​ഗുലി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. വിമർശനം ശക്തമായതോടെ വിശദീകരണവുമായി അദ്ദേഹം രം​ഗത്തെത്തിയിരുന്നു.’എൻ്റെ വാക്കുകൾ എങ്ങനെയാണ് വിലയിരുത്തപ്പെട്ടത് എന്നറിയില്ല. മുമ്പ് പറഞ്ഞത് പോലെ സംഭവിച്ചത് അതിക്രൂരമായ കൊലപാതകമാണ്. ഇപ്പോൾ വിഷയം സിബിഐ അന്വേഷിച്ചുവരികയാണ്. സംഭവിച്ച കുറ്റകൃത്യം ലജ്ജാകരമാണ്’, ​മുൻ ബിസിസിഐ അധ്യക്ഷൻ കൂടിയായ ​ഗാം​ഗുലി പറഞ്ഞു. പ്രതിയെ കണ്ടെത്തിയാൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കത്തക്ക വിധം ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top