ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിനെ ചെറുക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര ബാങ്ക് മുന്നോട്ടുപോകും. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനും നടപടികളൊരുക്കുന്നതിനും സമിതിയെ നിയോഗിച്ചു.നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുടെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന അഭയ ഹോതയാണ് സമതിയുടെ അധ്യക്ഷന്‍. എന്‍പിസിഐ. എസ്ബിഐ. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ടാകും.
റേസര്‍പേയിലെ ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍ ആരിഫ് ഖാന്‍, വിസയുടെ റിസ്‌ക് വിഭാഗം മേധാവി വിപിന്‍ സുലേലിയ, ജൂപ്പിറ്ററിന്റെ സ്ഥാപകന്‍ ജിതേന്ദ്ര ഗുപ്ത, യൂറോനെറ്റിന്റെ മാനേജിങ് ഡയറക്ടര്‍ പ്രണയ് ജാവേരി എന്നിവരും അംഗങ്ങളാണ്. പണനയ സമിതിയുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. തത്സമയമായി വിവരങ്ങള്‍ പങ്കിടാന്‍ കഴിയുന്ന, നെറ്റവര്‍ക്ക് തലത്തിലുള്ള ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായിരിക്കും ഒരുക്കുക. ഈയിടെ പുറത്തുവിട്ട ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം തട്ടിപ്പുകളുടെ എണ്ണത്തില്‍ 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 300 ശതമാനമാണ് വര്‍ധന. കേസുകള്‍ 9,000 ത്തില്‍നിന്ന് 36,000 ആയി.