ന്യൂഡൽഹി: വിവാഹങ്ങളുടെ സ്ഥിരത ക്രിമിനൽ നിയമങ്ങൾ ഉപയോഗിച്ച് ഉറപ്പാക്കാൻ ഭരണകൂടത്തിന് അധികാരം ഉണ്ടെന്ന് കേന്ദ്രസർക്കാർ. വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് ക്രിമിനൽ നിയമം ബാധകമല്ലെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഉൾപ്പടെ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തത്.
വിവാഹത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിന് ക്രിമിനൽ നിയമങ്ങൾ ഇതിനുമുമ്പും സർക്കാരുകൾ നിർമിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 1961-ൽ സ്ത്രീധന നിരോധന നിയമം, 2006-ലെ ഗാർഹിക പീഡന നിയമം എന്നിവ ഇതിന് ഉദാഹരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവും ആണെന്ന് സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് ഭരണഘടനാപരമാണെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്ക് വിനാശകരമാണ് മുത്തലാഖ് എന്നും അത് മുസ്ലിം സ്ത്രീകളുടെ സ്ഥിതി പരിതാപകരമാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, മുത്തലാഖ് ഒരു ശരിയായ വിവാഹമോചന രീതിയല്ലെന്ന് സുപ്രീം കോടതി വിധിച്ചതിനാൽ അത് നിയമപരമായി നിലനിൽക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. നിയമപരമായി നിലനിൽക്കാത്ത ഒരു കാര്യം ഒരു മതവിഭാഗത്തിന് മാത്രം ക്രിമിനൽ കുറ്റമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സമസ്ത ഉൾപ്പടെയുള്ള ഹർജിക്കാരുടെ വാദം.