സൈനിക സ്‌കൂളുകളെ കാവിവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതുതായി അനുവദിച്ച സൈനിക സ്‌കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍എസ്എസ്- അനുബന്ധ സംഘടനകള്‍ക്കും ബിജെപി-സഖ്യകക്ഷി നേതാക്കള്‍ക്കും. സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കൂളുകളാണ് സംഘപരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്.
സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ 2021ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മതിയായ സ്ഥലം, ഭൗതിക, ഐ ടി അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക ഭദ്രത, ജീവനക്കാര്‍ എന്നീ കാര്യങ്ങളില്‍ സൈനിക് സ്‌കൂള്‍ സൊസൈറ്റി നിര്‍ദേശിക്കുന്ന മാനദണ്ഡം പാലിക്കുന്ന ഏത് സ്‌കൂളും സൈനിക സ്‌കൂളായി അംഗീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്.
എന്നാല്‍ പുതിയ പദ്ധതി പ്രകാരം പ്രാബല്യത്തില്‍ വന്ന 40 സൈനിക് സ്‌കൂള്‍ കരാറുകളില്‍ 62 ശതമാനവും ആര്‍ എസ് എസ്- അനുബന്ധ സംഘടനകള്‍, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍- സുഹൃത്തുക്കള്‍, ഹിന്ദുത്വ സംഘടനകള്‍, വ്യക്തികള്‍, മറ്റു ഹിന്ദുമത സംഘടനകളും നിയന്ത്രിക്കുന്ന സ്‌കൂളുകള്‍ക്കാണ്. ഗുജറാത്തിലും അരുണാചല്‍ പ്രദേശിലുമാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നല്‍കിയിരിക്കുന്നത്. സൈനിക സ്‌കൂള്‍ മേഖലയില്‍ ആദ്യമായാണ് സ്വകാര്യവത്കരണം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2021 ഒക്ടബോര്‍ 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം സൈനിക സ്‌കൂള്‍ മേഖലയിലെ സ്വകാര്യ പങ്കാളിത്തതിന് അനുമതി നല്‍കിയത്.
പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസുകളുള്ള ഒരു സ്‌കൂളിന് എസ്എസ്എസ് പ്രതിവര്‍ഷം 1.2 കോടി രൂപ പിന്തുണയായി നല്‍കുന്നുണ്ട്. 12-ാം ക്ലാസിലെ വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രകടനത്തെ അടിസ്ഥാനമാക്കി പ്രതിവര്‍ഷം പരിശീലന ഗ്രാന്റായി 10 ലക്ഷം രൂപയും നല്‍കും. സര്‍ക്കാര്‍ പിന്തുണനല്‍കുന്നുണ്ടെങ്കിലും സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് വാര്‍ഷിക ഫീസായി വാങ്ങുന്നത് 2,47,900 രൂപയാണ് ഫീസ് വാങ്ങുന്നത്. പുതിയ നയം വരുന്നതുവരെ 16,000 കേഡറ്റുകളുള്ള 33 സൈനിക സ്‌കൂളുകള്‍ രാജ്യത്തുണ്ടായിരുന്നു. സൈനിക സ്‌കൂളില്‍ പഠിച്ചിറങ്ങിയ പതിനൊന്നു ശതമാനം വിദ്യാര്‍ഥികള്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ സൈന്യത്തില്‍ ചേര്‍ന്നിട്ടുണ്ട്.