കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം കുതിക്കുന്നു

കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം കുതിക്കുന്നു
കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം കുതിക്കുന്നു

സാമ്പത്തിക മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം കുതിച്ചുയരുന്നു. സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസിന്റെ കണക്കുകളനുസരിച്ച് നടപ്പു സാമ്പത്തിക വർഷം ആദ്യ മൂന്ന് മാസങ്ങളിൽ പ്രത്യക്ഷ നികുതി വരുമാനം 19.54 ശതമാനം ഉയർന്ന് 5.74 ലക്ഷം കോടി രൂപയിലെത്തി.

മുൻകൂർ നികുതി ഇനത്തിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ അധിക തുക ലഭിച്ചതാണ് സർക്കാരിന് ലോട്ടറിയായത്. ജൂൺ 15 വരെയുള്ള കാലയളവിൽ മുൻകൂർ നികുതിയുടെ ആദ്യ ഇൻസ്‌റ്റാൾമെന്റ് 27.34 ശതമാനം ഉയർന്ന് 1.48 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ് വരുമാന നികുതി ഇനത്തിൽ 1.14 ലക്ഷം കോടി രൂപയും വ്യക്തിഗത വരുമാന നികുതിയായി 34,470 കോടി രൂപയുമാണ് ലഭിച്ചത്.

മൊത്തം വരുമാന നികുതിയായി 5,74,357 കോടി രൂപ സമാഹരിച്ചതിൽ കോർപ്പറേറ്റ് നികുതി ഇനത്തിൽ 2,10,274 കോടി രൂപയും വ്യക്തിഗത നികുതി ഇനത്തിൽ 3,46,036 കോടി രൂപയും മുൻകൂർ ലഭിച്ചു. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ നികുതിയായി 16,634 കോടി രൂപയാണ് സമാഹരിച്ചത്. മുൻവർഷം ജൂൺ 15 വരെ 4,80,458 കോടി രൂപയാണ് കേന്ദ്ര സർക്കാർ സമാഹരിച്ചത്.

അതേസമയം ജൂലായ് 11 വരെ റീഫണ്ടായി 70,902 കോടി രൂപയാണ് നൽകിയത്. മുൻവർഷം ഇതേ കാലയളവിനേക്കാൾ റീഫണ്ടിൽ 67 ശതമാനം വർദ്ധനയുണ്ടായി. ഇക്കാലയളവിൽ റീഫണ്ട് കൽകുന്നതിന് മുൻപ് മുൻകൂർ വരുമാന നികുതി 6.45 ലക്ഷം കോടി രൂപയാണ്. നടപ്പു സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി ഇനത്തിൽ 21.99 ലക്ഷം കോടി രൂപയാണ് ആദായ നികുതി ഇനത്തിൽ സമാഹരിക്കാൻ ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്നത്.

Top