ഐ.എ.എസ് ഓഫീസറും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടറുമായ ദിവ്യ എസ് അയ്യർക്ക് എതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണം. കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥയായ ദിവ്യ ഗുരുതര പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന വാർത്തകളെ തുടർന്നാണ് അന്വേഷണം.
മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട കളക്ടറുട ഔദ്യോഗിക വസതി സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ ആയിരുന്നു ഇതെന്ന് കോൺഗ്രസ്സ് നേതാവും ദിവ്യ എസ് അയ്യരുടെ ഭർത്താവുമായ ശബരിനാഥൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്. കളക്ടറുടെ ഔദ്യോഗിക വസതി എന്നു പറയുന്നത് ക്യാംപ് ഓഫീസായാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കാലയളവിൽ തന്നെ പറയുന്നത് മന്ത്രിമാരുൾപ്പെടെ ഏത് ആളായാലും ഷെയ്ക്ക് ഹാൻഡ് മാത്രം നൽകുക അല്ലാതെ മറ്റു ഒരു തരത്തിലും ശരീരത്തിൽ സ്പർശിക്കാൻ പാടില്ല എന്നതാണ്. ഷെയ്ക്ക് ഹാൻഡ് നൽകുന്നത് പോലും അപ്പുറത്തുള്ളയാൾ കൈനീട്ടിയാൽ മാത്രമാണെന്നതും ഐ.എ.എസ് പരിശീലന കാലയളവിൽ പഠിപ്പിക്കുന്നതാണ്. ഈ പാഠം മറന്നാണ് ദിവ്യ എസ് അയ്യർ പ്രവർത്തിച്ചിരിക്കുന്നത്. ഇത് ഗുരുതര ചട്ട ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ എടുപ്പിക്കുക മാത്രമല്ല, അത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചതും, അതിനെ മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായികരിച്ചതും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിക്കുന്നതിനു പോലും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും അനുമതി ആവശ്യമാണ്. അതും ലംഘിക്കപ്പെട്ടോ എന്നതും ഇനി പരിശോധിക്കപ്പെടും.
ഇക്കാര്യങ്ങളിൽ എല്ലാം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ദിവ്യ എസ് അയ്യർക്ക് എതിരെ റിപ്പോർട്ട് നൽകിയാൽ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ദിവ്യ എസ് അയ്യർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
മന്ത്രി കെ രാധാകൃഷ്ണനെ കെട്ടിപിടിക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് മാത്രമല്ല, സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാകില്ലന്ന് പരസ്യമായി ദിവ്യ എസ് അയ്യർ ചാനലിലൂടെ പ്രതികരിച്ചതും അവർക്ക് തന്നെ വിനയായി മാറിയേക്കും. ഇക്കാര്യത്തിൽ കർക്കശ നിലപാടാണ് കേന്ദ്ര സർക്കാർ പിന്തുടർന്ന് വരുന്നത്.
വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കൂളിങ്ഗ്ലാസ് വച്ച് ഷൈൻ ചെയ്ത ചത്തിസ്ഗഡ് കേഡറിലെ ഒരു ജില്ലാ കലക്ടർക്ക് നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വസ്ത്ര ധാരണരീതി ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന് കണ്ടാണ് അന്ന് നടപടി സ്വീകരിച്ചിരുന്നത്.
ബസ്റ്റർ ജില്ലാ കളക്ടർ അമിത് കാട്ടാരിയക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിരുന്നത്. ഛത്തീസ്ഗഡ് ജഗതൽപുർ വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ഹസ്തദാനം നൽകുമ്പോൾ അമിത് കട്ടാരിയ കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു. ഇതാണ് ചട്ട ലംഘനമായി അധികൃതർ കണ്ടെത്തിയിരുന്നത്.
ഉദ്യോഗസ്ഥന്മാർക്ക് ഓരോ സാഹചര്യങ്ങളിലും ധരിക്കേണ്ട ഡ്രസ് കോഡ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പോലുള്ള ഒരാൾ എത്തുമ്പോൾ കറുത്ത കൂളിങ് ഗ്ലാസ് വച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അഡ്മിനിസ്ട്രേഷൻ ഡിവിഷൻ സ്പെഷൽ സെക്രട്ടറി അന്നു തന്നെ വ്യക്തമാക്കിയിരുന്നത്.
ഐ.എ.എസുകാർ ഉൾപ്പെടെയുള്ള കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ നിരന്തരം കേന്ദ്ര ഏജൻസികൾ മോണിറ്റർ ചെയ്തു വരുന്നുണ്ട്. അവരുടെ റഡാറിലാണ് ഇപ്പോൾ വിവാദ ചിത്രവും കുടുങ്ങിയിരിക്കുന്നത്.