ചാലക്കുടി: പുകക്കുഴൽ ഒടിഞ്ഞുവീണതിനെ തുടർന്ന് നഗരസഭ ശ്മശാനത്തിലെ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും പുകക്കുഴൽ പുനഃസ്ഥാപിക്കാത്ത നഗരസഭ ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കനത്ത പ്രതിഷേധം അഴിച്ചുവിട്ടു.
പൊതുജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ക്രിമിറ്റോറിയം അടിയന്തര പ്രധാന്യത്തോടെ തുറന്നുകൊടുക്കുന്നതിൽ നഗരസഭ ചെയർമാനും ബന്ധപ്പെട്ടവരും പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന ഭരണപക്ഷത്തിന്റെ മറുപടി പ്രതിപക്ഷത്തെ സമാധാനപ്പെടുത്തിയില്ല. ക്രിമിറ്റോറിയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എക്കാലത്തും കാണിക്കുന്ന അവഗണനയുടെ ഭാഗമാണിതെന്നും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സി.എസ്. സുരേഷ് പറഞ്ഞു.
ALSO READ: ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ 15 ദിവസത്തിനകം പണികൾ പൂർത്തീകരിച്ച് ശ്മശാനം പ്രവർത്തനസജ്ജമാക്കുമെന്ന് പറഞ്ഞ ചെയർമാന്റെ നിലപാട് അവസരവാദപരമാണെന്ന് തെളിഞ്ഞിരിക്കുന്നതായും ജനങ്ങൾ മൃതദേഹ സംസ്കാരത്തിനായി മറ്റ് വഴികൾ തേടേണ്ട സാഹചര്യമാണ് ഒരു മാസമായി വന്നു ചേർന്നിരിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. ബിജി സദാനന്ദന്, ഷൈജ സുനിൽ, ബിന്ദു ശശികുമാര്‍, ലില്ലി ജോസ്, വി.ജെ. ജോജി, കെ.എസ്. സുനോജ്, ടി.ഡി. എലിസബത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുകയായിരുന്നു.