അരാകന്‍ ആര്‍മിയുടെ വെല്ലുവിളി; മ്യാന്മറില്‍ സൈനികര്‍ രാജ്യം വിടുന്നു

അരാകന്‍ ആര്‍മിയുടെ വെല്ലുവിളി; മ്യാന്മറില്‍ സൈനികര്‍ രാജ്യം വിടുന്നു
അരാകന്‍ ആര്‍മിയുടെ വെല്ലുവിളി; മ്യാന്മറില്‍ സൈനികര്‍ രാജ്യം വിടുന്നു

മ്യാന്മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുമായി പിടിച്ചു നില്‍ക്കാനാകാതെ സൈനികര്‍ രാജ്യം വിടുന്നു. ഏകദേശം 128 മ്യാന്മര്‍ പട്ടാളക്കാരാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിലേക്ക് കടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറിലെ സിവിലിയന്‍ നാഷണല്‍ യൂണിറ്റി സര്‍ക്കാരിന്റെ (എന്‍.യു.ജി)പിന്തുണയുള്ള റഖൈന്‍ സംസ്ഥാനം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘അരാകന്‍ ആര്‍മി’യുടെ ശക്തമായ പോരാട്ടമാണ് പട്ടാള ഭരണകൂടത്തിന് തലവേദനയാകുന്നത്.

ഫെബ്രുവരി മുതല്‍, മ്യാന്‍മറില്‍നിന്ന് സൈനികരോ അതിര്‍ത്തി കാവല്‍ക്കാരോ ആയ 901 പേര്‍ കൂട്ടമായി ബംഗ്ലാദേശിലേക്കുള്ള അന്താരാഷ്ട്ര അതിര്‍ത്തി കടന്നിരുന്നു. ഇതില്‍ ഭൂരിഭാഗം പേരെയും പിന്നീട് മ്യാന്‍മറിലേക്ക് തിരിച്ചയച്ചു. മ്യാന്മറുമായി 1,643 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലേക്കും 600 പേര്‍ കടന്നിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് മ്യാന്മര്‍ സൈന്യം ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചു ഭരണം പിടിക്കുന്നത്. തുടര്‍ന്ന് നിരവധി കൊലപാതകങ്ങളും വിമതശബ്ദങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും മ്യാന്മറില്‍ സൈന്യം നടത്തിയിരുന്നു. കുറഞ്ഞത് 20,000 എതിരാളികളെങ്കിലും ഇക്കാലയളവില്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 25 ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ 2023 ഒക്ടോബര്‍ മുതല്‍ മ്യാന്മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പോരാട്ടം ശക്തമാണ്. എന്‍.യു.ജിയാണ് ഇതിന് വലിയ പിന്തുണ നല്‍കുന്നത്. മൂന്ന് വംശീയ സായുധ സംഘടനകള്‍ക്ക് പിന്തുണയും എന്‍.യു.ജി നല്‍കുന്നുണ്ട്. മ്യാന്മറില്‍നിന്നുള്ള മാധ്യമമായ ‘ദി ഇറവാഡി’യുടെ റിപ്പോര്‍ട്ട് പ്രകാരം, മേയ് നാലിനാണ് റഖൈനില്‍നിന്ന് സൈനികര്‍ ബംഗ്ലാദേശിലേക്ക് കടന്നത്. അവരുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത ശേഷം, മുഴുവന്‍ ആളുകളെയും ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലെ ടെക്നാഫ് പട്ടണത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ താമസിപ്പിക്കുകയും ചെയ്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഖൈനിലെ വടക്കന്‍ മൗങ്ഡാവ് ടൗണ്‍ഷിപ്പിലെ അതിര്‍ത്തി കാവല്‍ പോസ്റ്റ് സൈന്യത്തില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച അരാകന്‍ ആര്‍മി പിടിച്ചെടുത്തിരുന്നു. ഇതാണ് ഒളിച്ചോട്ടത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പട്ടാള ഭരണകൂടത്തിന്റെ കുറച്ച് കമാന്‍ഡര്‍മാരെ രക്ഷിച്ചിരുന്നു. ഏകദേശം അന്‍പതോളം പേര്‍ കീഴടങ്ങുകയും ചെയ്തു.

Top