ന്യൂഡല്‍ഹി: ട്വിറ്ററിന് തദ്ദേശീയ ബദലായി ഉദ്ദേശിച്ച് പുറത്തിറക്കിയ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ‘കൂ’ നീണ്ട കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടി. കൂ സോഷ്യല്‍ മീഡിയ സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണനും, മായങ്ക് ബിദാവത്കയുമാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം അടച്ചു പൂട്ടുകയാണെന്നറിയിച്ചത്. 2020 ല്‍ ട്വിറ്ററിനെ വെല്ലുവിളിച്ചാണ് ‘കൂ’ ആരംഭിക്കുന്നത്. തുടര്‍ന്ന് കടുത്ത സാമ്പത്തിക പരാധീനതയില്‍ പെട്ട് മറ്റ് വന്‍കിട കമ്പനികള്‍ക്ക് നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് കമ്പനി അടച്ചു പൂട്ടാനൊരുങ്ങിയത്.
വിവിധ ഇന്റര്‍നെറ്റ് കമ്പനികളുമായും മാധ്യമ കമ്പനികളുമായും ഏറ്റെടുക്കല്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഒന്നും ഫലം കണ്ടില്ലെന്നും ‘കൂ’ സ്ഥാപകര്‍ പറയുന്നു. കണ്ടന്റ് അഗ്രഗേറ്റര്‍ സ്ഥാപനമായ ഡെയ്ലി ഹണ്ടിനും ‘കൂ’വിനെ വില്‍ക്കാന്‍ സ്ഥാപകര്‍ ശ്രമിച്ചിരുന്നു. 2020-21 കാലഘട്ടത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ‘കൂ’ ജനശ്രദ്ധ നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മന്‍കി ബാത്തില്‍ ‘കൂ’വിനെ പ്രശംസിക്കുകയുണ്ടായി. എന്നാല്‍ ഒടുവില്‍ കൂ സാമ്പത്തിക പരാധീനതകളാല്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.