CMDRF

ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ പാക്കിസ്താനില്‍ കളിച്ചേക്കില്ല; മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തിയേക്കും

ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ പാക്കിസ്താനില്‍ കളിച്ചേക്കില്ല; മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തിയേക്കും
ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ പാക്കിസ്താനില്‍ കളിച്ചേക്കില്ല; മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തിയേക്കും

ന്യൂഡല്‍ഹി: 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം തയാറാവില്ലെന്ന് സൂചന. ഇതോടെ ഏതാനും മത്സരങ്ങള്‍ ശ്രീലങ്കയിലും യുഎഇയിലും നടത്തിയേക്കും.

നേരത്തെ ഇതേ കാരണത്താല്‍ ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയില്‍ നടത്തിയിരുന്നു. മത്സരക്രമം സംബന്ധിച്ച് താല്‍ക്കാലിക ഷെഡ്യൂള്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് കൈമാറിയിരുന്നു. ഇതില്‍ മാര്‍ച്ച് ഒന്നിനാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ ടീം പാക്കിസ്താനിലേക്ക് പോകുമോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2012-13 സീസണിന് ശേഷം ഇന്ത്യയും പാക്കിസ്താനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പര കളിച്ചിട്ടില്ല. 2008ലാണ് ഇന്ത്യന്‍ ടീം അവസാനമായി പാക്കിസ്താനിലെത്തിയത്. അതിര്‍ത്തിയിലെ ഭീകരത തടയുന്നത് വരെ പാക്കിസ്താനുമായി പരമ്പര കളിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം കായിക മന്ത്രിയായിരുന്ന അനുരാഗ് താക്കൂര്‍ അറിയിച്ചിരുന്നു. ഏഷ്യാ കപ്പ് മത്സരത്തിനായി പാക്കിസ്താനില്‍ പോകാന്‍ വിസമ്മതം അറിയിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഏകദിന ലോകകപ്പിന് പാക്കിസ്താന്‍ ടീം ഇന്ത്യയില്‍ എത്തി.

എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കായി കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് 17 ബില്യണ്‍ രൂപ അനുവദിച്ചിട്ടുണ്ട്. അവസാനം നടന്ന 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്താനാണ് ജേതാക്കളായത്.

Top