സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരത്ത് പുലര്‍ച്ചെ മുതല്‍ പലയിടത്തും ശക്തമായ മഴയാണ്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ട്രക്കിങ്ങും നിരോധിച്ചു. അതേസമയം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് രണ്ട് പേരെ കാണാതായത്. മീന്‍ പിടിക്കാന്‍ പോയ 63 കാരന്‍ ഗോവിന്ദനെയാണ് പള്ളിക്കല്‍ ആറ്റില്‍ കാണാതായത്. ബിഹാര്‍ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി. രാത്രി വൈകിയും പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്തു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങള്‍ക്കായി രാത്രി യാത്ര ചെയ്യേണ്ടവര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി യാത്ര ചെയ്യണമെന്നാണ് മുന്നറിയിപ്പ്.