ഡൽഹി: ആന്ധ്രാപ്രദേശിന് കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എൻ. ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ആന്ധ്രയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നായിഡു മോദിയെ വിശദമായി ധരിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികൾ നേരിടാനും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും ഉൾപ്പെടെ നായിഡു കേന്ദ്ര സഹായം ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റിൽ ആന്ധ്രയ്ക്ക് 15000 കോടി അനുവദിച്ചത് ഉൾപ്പടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾക്ക് നായിഡു പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. എൻ.ഡി.എ സർക്കാരിലെ പ്രമുഖ കക്ഷികളായ ജെഡിയു ഭരിക്കുന്ന ബിഹാറിനും ടി.ഡി.പി ഭരിക്കുന്ന ആന്ധ്രയ്ക്കും കേന്ദ്ര ബജറ്റിൽ പ്രത്യേക പരിഗണന നൽകിയെന്ന പരാതി മറ്റ് സംസ്ഥാനങ്ങൾക്ക് നേരത്തേ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സഹായംതേടി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയെ കണ്ടിരിക്കുന്നത്.