CMDRF

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും മൂല്യനിര്‍ണയത്തിലും മാറ്റം; വി ശിവന്‍കുട്ടി

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും മൂല്യനിര്‍ണയത്തിലും മാറ്റം; വി ശിവന്‍കുട്ടി
ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും മൂല്യനിര്‍ണയത്തിലും മാറ്റം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് മൂല്യ നിര്‍ണയ പരിഷ്‌ക്കരണം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിര്‍ണ്ണയ പരിഷ്‌കരണം എന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന പശ്ചാത്തലത്തില്‍ മൂല്യനിര്‍ണയത്തിന്റെ രീതിയും മാറ്റുകയാണ്. 2005 മുതല്‍ പിന്തുടര്‍ന്നു പോരുന്ന നിരന്തര വിലയിരുത്തല്‍ പ്രക്രിയയുടെ ശക്തിയും ദൗര്‍ബല്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ടേം പരീക്ഷകളുടെയും നിരന്തര വിലയിരുത്തലിന്റെയും രീതിശാസ്ത്രങ്ങള്‍ ചര്‍ച്ചചെയ്യുകയും വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതില്‍ മൂല്യനിര്‍ണ്ണയ പ്രക്രിയയുടെയും പരിഷ്‌കരണം ആവശ്യമാണ്. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ പഠനങ്ങളിലും സര്‍വ്വേകളിലും എന്നും മുന്നില്‍ നിന്ന സംസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ചില പഠനങ്ങളില്‍ പിന്നോക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് പ്രവേശന പരീക്ഷകള്‍ എഴുതി മികച്ച റാങ്ക് നേടേണ്ടത് അനിവാര്യമായി മാറി. പ്രവേശന പരീക്ഷകള്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞ സ്ഥിതിക്ക് അതിന് കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്. അതിനായി പരീക്ഷാ ചോദ്യപേപ്പറുകളുടെ നിര്‍മ്മാണത്തിലും നവീകരണം വേണം. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷകളില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ടെന്നതും മൂല്യനിര്‍ണ്ണയത്തിന്റെ പരിഷ്‌കരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന കുട്ടികള്‍ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികള്‍ നേടുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നുവരുന്നതായും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവന്യു, ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യ പ്രഭാഷണം നടത്തി പൊതുവിദ്യാഭ്യാസ സെക്രടറി റാണി ജോര്‍ജ് സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നന്ദി അറിയിച്ചു. എം എല്‍ എ മാരായ എ പ്രദീപ് കുമാര്‍, മുഹമ്മദ് മുഹ്സീന്‍, എം വിജിന്‍ എന്നിവര്‍ സംബന്ധിച്ചു.

Top