CMDRF

വടക്കന്‍ ജില്ലകളില്‍ തീവ്രമഴ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

വടക്കന്‍ ജില്ലകളില്‍ തീവ്രമഴ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
വടക്കന്‍ ജില്ലകളില്‍ തീവ്രമഴ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. ഇത് മൂന്ന് ജില്ലകളിലായി ചുരുങ്ങി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രവചനത്തില്‍ മാറ്റമില്ല. ഈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നി ജില്ലകള്‍ക്ക് പുറമേ എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും വടക്കന്‍ തമിഴ്നാടിനും തെക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയും മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0 .9 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Top