രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടൈയന്‍’. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിന്‍ ഫഹദ് ഫാസിലും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറക്കാര്‍. പാട്രിക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ഷോര്‍ട്ട് വീഡിയോയിലൂടെയാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്റെ ഏറ്റവും പ്രധാന യുഎസ്പി. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.