ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനായാസ വിജയം. ആറ് വിക്കറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചുകൂട്ടി. 25 പന്തില്‍ 45 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്‌വാദ് (26), അജിന്‍ക്യ രഹാനെ (35), രവീന്ദ്ര ജഡേജ (31*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് സമ്മാനിച്ചത്. ആദ്യ വിക്കറ്റായി അഭിഷേക് പുറത്താവുമ്പോള്‍ 2.4 ഓവറില്‍ ഹൈദരാബാദ് സ്‌കോര്‍ 46 റണ്‍സായിരുന്നു. വെറും 12 പന്തില്‍ നാല് സിക്‌സറുകളും മൂന്ന് ഫോറുമടക്കം 37 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേകിനെ ദീപക് ചാഹര്‍ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു.
പത്താം ഓവറില്‍ ട്രാവിസ് ഹെഡിനെ (31) മഹീഷ് തീക്ഷ്ണയുടെ പന്തില്‍ രചിന്‍ രവീന്ദ്ര പിടികൂടി. എങ്കിലും ഒരുവശത്ത് ഐഡന്‍ മര്‍ക്രം തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ മര്‍ക്രമിനും മടങ്ങേണ്ടിവന്നു. 36 പന്തില്‍ 50 റണ്‍സെടുത്ത താരത്തെ മൊയീന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഷഹ്ബാസ് അഹ്‌മദിനെയും (18) വിക്കറ്റിന് മുന്നില്‍ കുരുക്കി മൊയീന്‍ അലി ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. ഹെന്റിച്ച് ക്ലാസനും (10) നിതീഷ് കുമാര്‍ റെഡ്ഡിയും (14) ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. ചെന്നൈക്കായി മൊയീന്‍ അലി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.