തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാത്തത് തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന് സങ്കുചിത രാഷ്ട്രീയമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇന്ന് രാവിലെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തിയത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും 2000 കണ്ടെയ്‌നറുകളുമായെത്തിയ ‘സാന്‍ ഫെര്‍ണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്. നാളെയാണ് മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കുന്നത്.
നങ്കൂരമിട്ട കപ്പലില്‍ നിന്ന് എസ്‍ടിഎസ്, യാര്‍ഡ് ക്രെയിനുകള്‍ ഉപയോഗിച്ച് ചരക്കിറക്കല്‍ ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കല്‍ പൂര്‍ത്തിയാക്കി നാളെ കപ്പല്‍ കൊളംബോയിലേക്ക് പോകും.