തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം നാടിന് വേദനയാണെന്ന് രമേശ് ചെന്നിത്തല. ഈ രാഷ്ട്രീയം തന്നെ വേദനിപ്പിക്കുന്നു. പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കത്തുന്ന ചിതയ്ക്കരികിൽ കണ്ണീരു വറ്റാതെ നിൽക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെും കാഴ്ച മനസിൽ നിന്നു മറയുന്നില്ല. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്.
Also Read: അൻവറിൻ്റെയും സരിൻ്റെയും അപ്രതീക്ഷിത നിക്കത്തിൽ അമ്പരന്ന് കോൺഗ്രസ്സ്, വോട്ട് ബാങ്ക് ചോരുമോ ?
‘ആദർശത്തിനും അഭിമാനത്തിനും വേണ്ടി ജീവൻ കൊടുത്ത അച്ഛന്റെ മക്കളാണവർ. അവരുടെ കണ്ണുനീർ ഇന്ന് കേരളത്തെ ചുട്ടുപൊളളിക്കുന്നുണ്ട്. പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. മാനവികതയുടെ പക്ഷത്തു നിന്നാണ് ഒരാളുടെ ആശയങ്ങൾക്കു വേണ്ടി പൊരുതേണ്ടത്’, എന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. പകയുടേതല്ല, മാനവികതയുടെതാണ് ലോകമെന്നറിഞ്ഞു വളരാൻ നവീൻ ബാബുവിന്റെ മക്കൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കത്തുന്ന ചിതയ്ക്കരികിൽ കണ്ണീരു വറ്റാതെ നിൽക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെും കാഴ്ച മനസിൽ നിന്നു മറയുന്നില്ല. കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ അത്രയും കാലത്തെ സൽപേരു മുഴുവൻ തച്ചുടച്ചു കളഞ്ഞ ഒരു ധാർഷ്ട്യത്തോട് നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ ഒരു മനുഷ്യൻ ഒരു നാടിന്റെ വേദനയാണിന്ന്. അതുകൊണ്ടു തന്നെയാണ് മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഐക്യദാർഢ്യത്തിന്റെ ഒരു മനുഷ്യനിര തന്നെ എത്തിച്ചേർന്നത്, ആ വീടിന്റെ വേദനയോട് ഐക്യപ്പെട്ടത്, അവരുടെ കണ്ണീർ തങ്ങളുടെയും കണ്ണീരാക്കിയത്.
ആദർശത്തിനും അഭിമാനത്തിനും വേണ്ടി ജീവൻ കൊടുത്ത ഒരച്ഛന്റെ മക്കളാണവർ. അവരുടെ കണ്ണുനീർ ഇന്ന് കേരളത്തെ ചുട്ടുപൊളളിക്കുന്നുണ്ട്. നവീൻ ബാബുവിനു മരണത്തിന്റെ വഴി കാട്ടിക്കൊടുത്ത ധാർഷ്ട്യത്തിന്റെ അടിവേരിൽ ആസിഡ് പോലെ വീണു പുകയുന്നുണ്ട്. എന്തിനായിരുന്നു ഇതെല്ലാം. ആര് എന്ത് നേടി… ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നോർക്കുക.
ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു. പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. കനൽപഴുപ്പിച്ച വാക്കുകൾ നെഞ്ചിലേക്കു കുത്തിയിറക്കി ഒരു മുഴം കയറിലേക്ക് മനുഷ്യനെ നടത്തുന്ന രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. ഒരു രാഷ്ട്രീയപ്രവർത്തകൻ അടിസ്ഥാനപരമായി മനുഷ്യസ്‌നേഹിയാകണം. മാനവികതയുടെ പക്ഷത്തു നിന്നാണ് അയാളുടെ ആശയങ്ങൾക്കു വേണ്ടി പൊരുതേണ്ടത്. മാനവികത നഷ്ടപ്പെട്ട ആശയങ്ങൾ ഒറ്റ നീരുറവ പോലുമില്ലാത്ത മരുഭൂമികളാണ്. ഇങ്ങനെയല്ല ഒരാളിന്റെ വാക്കുകൾ അപരന് സംഗീതമാകേണ്ടത്.
അച്ഛൻ ജീവിച്ചു മരിച്ച അതേ ആദർശം കൈവിടാതെ ജീവിക്കാൻ ആ കുഞ്ഞുങ്ങൾക്കാകട്ടെ എന്ന പ്രാർഥന മാത്രം. പകയുടേതല്ല, മാനവികതയുടെതാണ് ലോകമെന്നറിഞ്ഞു വളരാനാകട്ടെ എന്ന പ്രതീക്ഷ മാത്രം!