തിരുവനന്തപുരം: സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം വന്നതിനു ശേഷം വിവിധ തരം മാഫിയകള്‍ സിപിഎമ്മിനെ കീഴടക്കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെയും പോലീസിന്റെയും സഹായത്തോടെയാണ് മാഫിയകള്‍ തഴച്ചുവളര്‍ന്നതെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.
മാഫിയകള്‍ തമ്മിലുള്ള മത്സരത്തിന്റെ പോര്‍വിളികളാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഴങ്ങുന്നത്. സിപിഎം പ്രാദേശിക ഘടകങ്ങളില്‍ പലതും ക്വട്ടേഷന്‍ സംഘങ്ങളാണ്. ചെങ്കൊടി കണ്ടാല്‍ ജനങ്ങള്‍ക്ക് പേടിക്കേണ്ട അവസ്ഥ.
സിപിഎം.നേതാക്കളുടെ മക്കളും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളുമാണ് മാഫിയ തലവന്മാര്‍. സ്വര്‍ണ കടത്ത്, ലഹരി മരുന്നു വില്‍പന, റിയല്‍ എസ്റ്റേറ്റ് കച്ചവടം, ഗുണ്ടാ പ്രവര്‍ത്തനം എന്നിവയാണ് ഇവരുടെ ആദായകരമായ തൊഴില്‍.
സൈബര്‍ ഗുണ്ടായിസം ഉപയോഗിച്ചാണ് പ്രതിയോഗികളെ ഇവര്‍ വീഴ്ത്തുന്നത്. ഫേസ്ബുക്കിലെ കാഫിര്‍ പ്രയോഗ വ്യാജ നിര്‍മിതിയുടെ ഉപജ്ഞാതാവ് ഒരു സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനാണെന്ന് കണ്ടെത്തിയെങ്കിലും അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.