വമ്പൻ ടെലിസ്‌കോപ്പ്: ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻ‌കോഫ് ദൂരദര്‍ശിനി ലഡാക്കില്‍

ജ്യോതിശാസ്ത്രം, കോസ്‌മിക്-റേ പഠനം എന്നിവയില്‍ ഇന്ത്യയുടെ നിര്‍ണായക നാഴികക്കല്ലാണ് ലഡാക്കിലെ ഗാമ-റേ ടെലസ്കോപ്പ്

വമ്പൻ ടെലിസ്‌കോപ്പ്: ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻ‌കോഫ് ദൂരദര്‍ശിനി ലഡാക്കില്‍
വമ്പൻ ടെലിസ്‌കോപ്പ്: ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻ‌കോഫ് ദൂരദര്‍ശിനി ലഡാക്കില്‍

ലഡാക്ക്: ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ളതുമായ ഗാമ-റേ ദൂരദര്‍ശിനി ലഡാക്കിലെ ഹാന്‍ലെയില്‍ സ്ഥാപിച്ചു. ലഡാക്കിലെ ഹാന്‍ലെയില്‍ ഇന്ത്യയുടെ മേസ് (മേജർ അറ്റ്‌മോസ്ഫെറിക് ചെറ്യെൻ‌കോഫ് എക്‌സ്‌പെരിമെന്‍റ് ടെലിസ്‌കോപ്പ്) ഒബ്‌സര്‍വേറ്ററി ആണവോര്‍ജ വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാര്‍ മൊഹന്തി ഉദ്ഘാടനം ചെയ്തു.

ജ്യോതിശാസ്ത്രം, കോസ്‌മിക്-റേ പഠനം എന്നിവയില്‍ ഇന്ത്യയുടെ നിര്‍ണായക നാഴികക്കല്ലാണ് ലഡാക്കിലെ ഗാമ-റേ ടെലസ്കോപ്പ്. ലഡാക്കിലെ മേസ് (MACE) ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻ‌കോഫ് ടെലസ്‌കോപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗാമ-റേ ദൂരദര്‍ശിനി കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 4,300 മീറ്റര്‍ ഉയരത്തിലുള്ള ഈ ടെലസ്കോപ്പ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചെറ്യെൻ‌കോഫ് ദൂരദര്‍ശി എന്ന റെക്കോര്‍ഡിനും ഉടമയാണ്. ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍ററും ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സഹകരിച്ചാണ് ഹാന്‍ലെയില്‍ ടെലസ്കോപ്പ് നിര്‍മിച്ചത്. മറ്റ് ഇന്ത്യന്‍ സംരംഭകരും ഈ ടെലസ്കോപ്പിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളായി. മേസ് ടെലസ്കോപ്പ് നിര്‍മിക്കാന്‍ പ്രയത്നിച്ചവരെ ഡോ. അജിത് കുമാര്‍ മൊഹന്തി അഭിനന്ദിച്ചു.

ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ കുതിപ്പുചാട്ടത്തിന് ഇത് വഴിവെക്കും എന്ന് പ്രതീക്ഷിക്കുന്നു. ഗാമാ രശ്‌മികള്‍, സൂപ്പര്‍നോവകള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങി പ്രപഞ്ചത്തിന്‍റെ അഗാധ പഠനത്തിന് മേസ് ദൂരദര്‍ശിനി വഴിയൊരുക്കും. 21 മീറ്റര്‍ വ്യാസമുള്ള ടെലസ്കോപ്പിന് 180 ടണ്‍ ഭാരമുണ്ട്. ദൂരദര്‍ശിനിയുടെ റിഫ്ലക്ടര്‍ സര്‍ഫേസിന് 356 സ്ക്വയര്‍ മീറ്റര്‍ വിസ്‌തൃതി വരും. 68 ക്യാമറ മൊഡ്യൂളുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 200 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ഗാമ-റേ രശ്മികള്‍ തിരിച്ചറിയാന്‍ കരുത്തുള്ളതാണ്.

Top