വിദ്യാർഥികൾക്കുള്ള ചിക്കൻ വിംഗ്‌സുകൾ മറിച്ചുവിറ്റു; സ്‌കൂൾ ജീവനക്കാരിക്ക് ഒമ്പത് വർഷം തടവ്

വിദ്യാർഥികൾക്കുള്ള ചിക്കൻ വിംഗ്‌സുകൾ മറിച്ചുവിറ്റു; സ്‌കൂൾ ജീവനക്കാരിക്ക് ഒമ്പത് വർഷം തടവ്
വിദ്യാർഥികൾക്കുള്ള ചിക്കൻ വിംഗ്‌സുകൾ മറിച്ചുവിറ്റു; സ്‌കൂൾ ജീവനക്കാരിക്ക് ഒമ്പത് വർഷം തടവ്

ന്യൂയോർക്ക്: വിദ്യാർഥികൾക്കുള്ള ചിക്കൻ വിംഗ്‌സുകൾ മറിച്ചുവിറ്റ സ്‌കൂൾ കഫ്തീരിയ ജീവനക്കാരിക്ക് ഒമ്പത് വർഷം തടവ്. കോവിഡ് മഹാമാരിക്കാലത്താണ് സ്‌കൂൾ കുട്ടികൾക്കെന്ന പേരിൽ 68 കാരിയായ വെരാ ലിഡൽ എന്ന ജീവനക്കാരി ചിക്കൻ വിംഗ്‌സുകൾ എഴുതിവാങ്ങി തട്ടിപ്പ് നടത്തിയത്. ഏകദേശം12.5 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. 19 മാസത്തിലേറെ നടത്തിയ തട്ടിപ്പിൽ 11000 പെട്ടി ചിക്കനുകളാണ് വെരാ ലിഡൽ മോഷ്ടിച്ച് മറിച്ചുവിറ്റത്‌.

ഹാർവി സ്‌കൂൾ ഡിസ്ട്രിക്റ്റ് 152-ന്റെ ഫുഡ് സർവീസ് ഡയറക്ടറായിരുന്നു ലിഡൽ. 10 വർഷത്തിലേറെയായി ഫുഡ് സർവീസ് ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു ലിഡൽ. കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ വിദ്യാർഥികളാരും സ്‌കൂളിലെത്തിയിരുന്നില്ല. ഈ സമയത്താണ് സ്‌കൂളിന്റെ പേരിൽ ലിഡൽ ചിക്കൻ വിംഗ്‌സുകൾ വാങ്ങിയത്. 2020 ജൂലൈ മുതൽ 2022 ഫെബ്രുവരി വരെ ഓർഡറുകൾ നൽകുകയും മറിച്ചു വിൽക്കുകയും ചെയ്തു. സ്‌കൂളിന്റെ കാർഗോ വാനാണ് ചിക്കൻ വാങ്ങാനായി ഇവർ ഉപയോഗിച്ചത്.

സ്‌കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാൾ 300,000 ഡോളർ കൂടുതലായത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് തട്ടിപ്പ് പുറത്തായത്. അർധവാർഷിക കണക്കെടുപ്പിനിടെ ചിക്കൻ വിംഗ്‌സുകൾ വാങ്ങിയതിന്റെ ഒപ്പിട്ട ബില്ലുകളും കണ്ടെത്തി. എന്നാൽ ഇത് വിദ്യാർഥികൾക്ക് ഒരിക്കൽ പോലും കിട്ടിയിരുന്നില്ല. എല്ലുകളുള്ളതിനാൽ ഇവ കുട്ടികൾക്ക് നൽകാറില്ലെന്നാണ് എബിസി 7 ചിക്കാഗോ റിപ്പോർട്ട് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ലിഡൽ കുറ്റസമ്മതം നടത്തി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ഒമ്പത് വർഷത്തെ തടവിന് വിധിക്കുകയും ചെയ്തു.

Top