മലയാളിയുടെ ഭക്ഷണ ശീലത്തില്‍ ചെറുപയറിന് വലിയ സ്ഥാനമുണ്ട്. നമ്മുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത പയര്‍ വര്‍ഗങ്ങളിലൊന്നാണ് ഇത്. പുട്ടും ചെറുപയറും, പത്തിരിയും ചെറുപയറും, കഞ്ഞിയും ചെറുപയറും, ചെറുപയര്‍ പുഴുങ്ങിയത്. മുളപ്പിച്ച ചെറുപയര്‍ സാലഡ്. അങ്ങനെ ആ വിഭവങ്ങളുടെ പട്ടിക നീളുന്നു. എന്നാല്‍ ഈ ചെറുപയറിന്റെ ചെറുതല്ലാത്ത ഗുണങ്ങളെപ്പറ്റി പലര്‍ക്കും അത്രക്ക് അറിയില്ല. സസ്യാധിഷ്ഠിത പ്രോട്ടിന്റെയും അവശ്യ അമിനോ ആസിഡുകളുടെയും മികച്ച ഉറവിടങ്ങളിലൊന്നാണ് ചെറുപയര്‍, ഇത് മുളപ്പിച്ച് കഴിക്കുമ്പോള്‍ അവയുടെ ആന്റി ഓക്‌സിഡന്റ് പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും പ്രോട്ടിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ ചെറുപയറിന് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഹൃദയത്തിനുണ്ടാകുന്ന വീക്കം, മറ്റ് രോഗങ്ങള്‍ എന്നിവയും ചെറുക്കാന്‍ കഴിയുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ചെറുപയര്‍. ചെറുപയറില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. പെക്റ്റിന്‍ എന്നറിയപ്പെടുന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനത്തെ സഹായിക്കും. ഇതുകൂടാതെ പ്രതിരോധശേഷിയുള്ള അന്നജവും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രണം. പ്രോട്ടിനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ചെറുപയര്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ്. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ്. ചെറുപയര്‍ കഴിച്ചാല്‍ കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയില്ല.
ചെറുപയറില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. അതുകൊണ്ടാണ് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ ചെറുപയര്‍ കഴിക്കണമെന്ന് പൊതുവെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണിത്. കൂടാതെ, വേവിച്ച ചെറുപയറില്‍ വിറ്റാമിനുകള്‍, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധശേഷിക്കും ആരോഗ്യത്തിനും ഗുണം ചെയ്യും. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവരോ മറ്റ് മരുന്നുകള്‍ കഴിക്കുന്നവരോ ആണെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം പ്രകാരം മാത്രം ചെറുപയര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്.