തിരുവനന്തപുരം; മന്ത്രി വീണ ജോര്‍ജിനെ കുവൈത്തിലേയ്ക്ക് അയയ്ക്കാന്‍ അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. സംസ്ഥാനത്തിന്റെ ഇടപെടല്‍ വേണ്ട എന്ന നിലപാട് ഔചിത്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി പോയിട്ട് എന്തുകാര്യമെന്ന് ഗവര്‍ണര്‍ ചോദിച്ചു. മന്ത്രി പോകേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതികരിച്ചു.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി, കുവൈത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടലില്‍ സംതൃപ്തി പ്രകടിപ്പിച്ചു. മന്ത്രി വീണ ജോര്‍ജിന് അനുമതി നിഷേധിച്ചത് ഇപ്പോള്‍ വിവാദമാക്കാനില്ലെന്ന് നെടുമ്പാശേരിയില്‍ പറഞ്ഞ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ലോകകേരള സഭ ഉദ്ഘാടനവേദിയില്‍ നിലപാട് വ്യക്തമാക്കി.
സംസ്ഥാന മന്ത്രിക്ക് വിദേശരാജ്യത്ത് ഭരണപരമായി ഒന്നും ചെയ്യാനാവില്ലെന്നും ഒരാള്‍ക്ക് അനുമതി നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യമുന്നയിക്കുമെന്നും വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.