CMDRF

സംവിധായകന്‍ ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

സംവിധായകന്‍ ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
സംവിധായകന്‍ ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച സംവിധായകനായിരുന്നു ഹരികുമാറെന്നും അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാര്‍. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘സുകൃതം’ ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഈ സിനിമ നേടുകയുണ്ടായി. ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള ‘ഉദ്യാനപാലകന്‍’, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള ‘ജാലകം’, എം.മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള ‘ക്‌ളിന്റ്’ തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഹരികുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നുഅന്ത്യം.

Top