തിരുവനന്തപുരം : പി.വി അൻവറിലൂടെയുണ്ടായത് സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞപ്പോൾ മുഖ്യമന്ത്രി അൻവറിനെ പിന്തുണച്ച് സർട്ടിഫിക്കറ്റ് നൽകി. ഇതെല്ലാം സിപിഎം തന്നെ ചോദിച്ച് വാങ്ങിയതാണെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.
മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ രീതിയിലാണ് പ്രവർത്തിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാത്തത് സിപിഎമ്മിന്റെ ധാരണയുടെ ഭാഗമാണ്. ക്ലിഫ് ഹൗസിന് മുകളിലേക്ക് മരം ചായാൻ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് പറ്റായത്. കോടിയേരിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കാത്തതിലും മറുപടിയില്ല.
തൃശ്ശൂരിൽ ബിജെപി ജയിക്കാൻ വേണ്ടി ഇടപെട്ട ഉദ്യോഗസ്ഥനെ മാറ്റാത്തതെന്താണെന്നും ഷാഫി ചോദിച്ചു. ബിജെപിക്ക് തൃശ്ശൂരിൽ ജയിക്കാൻ സാഹചര്യമുണ്ടാക്കിക്കൊടുത്തു. ബി ജെ പിക്ക് പിണറായി വിരോധമോ, പിണറായിക്ക് ബി ജെ പി വിരോധമോ ഇല്ല. എന്നാൽ രണ്ടു കൂട്ടർക്കും കോൺഗ്രസ് വിരോധമുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.