തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്. ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടല്‍ വേണമെന്നും കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇറാന്‍ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതില്‍ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
അതിനിടെ കപ്പലിലെ മലയാളി ജീവനക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന വിവരം പുറത്തുവന്നിരുന്നു. കപ്പലില്‍ അകപ്പെട്ട വയനാട് സ്വദേശിയായ പി വി ധനേഷാണ് വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞത്. കപ്പലിലെ എല്ലാവരും സേഫാണ് എന്ന് മാത്രമാണ് ധനേഷ് പറഞ്ഞതെന്നും അതിന് ശേഷം ഫോണ്‍ കട്ടായെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.