CMDRF

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്തു.കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജൻ, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ‌ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.

‘‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളിൽ’’ എന്ന മഹാകവി പാലാ നാരായണൻ നായരുടെ കവിതയിലെ വരികൾ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എൻ.വാസവൻ പ്രസംഗം ആരംഭിച്ചത്. ആ കാവ്യഭാവന അർഥപൂർണമാകുന്ന നിമിഷങ്ങൾക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്. നാടിന്റെ വികസനചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിത്. ലോകമെമ്പാടുമുള്ള മലയാളികൾ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ആദ്യ കണ്ടെയ്നർ മദർഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ.

2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കി കപ്പൽ ഇന്നു തുറമുഖം വിടും. നാളെത്തന്നെ ഫീഡർ കപ്പലുകൾ എത്തുന്നതോടെ ട്രാൻസ്ഷിപ്മെന്റിനും തുടക്കമാകും. കേരളത്തിന്റെ വികസനപ്രതീക്ഷയായി തുറമുഖത്ത് 3 മാസത്തോളം നീളുന്ന ട്രയൽ റണ്ണിൽ തുടർച്ചയായി മദർഷിപ്പുകൾ എത്തും. കമ്മിഷൻ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്നർ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും.

Top