ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എല്ലാ റൗഡികളും ബിജെപിയിലാണുള്ളതെന്നും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്നും സ്റ്റാലിന്‍ ചോദിച്ചു.
സേലത്ത് ഡിഎംകെ സ്ഥാനാര്‍ത്ഥി ടി എം സെല്‍വഗണപതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ബിജെപിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 261 നേതാക്കളുണ്ട്. എല്ലാ റൗഡികളും പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലാണ്. പിന്നെ ക്രമസമാധാനത്തെക്കുറിച്ച് പറയാന്‍ മോദിക്ക് എന്ത് അവകാശമാണുള്ളത്’, സ്റ്റാലിന്‍ ചോദിച്ചു. ബിജെപി നേതാക്കള്‍ക്കെതിരെ 1,977 കേസുകള്‍ ഉണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
മോദി ഒരു ഹിപ്പോക്രാറ്റ് ആണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചിട്ടുണ്ട്. ആകാശവാണി എന്ന ഹിന്ദി വാക്കിന് പകരം ഇനി വാനൊളി എന്ന മനോഹര തമിഴ് പദം ഉപയോഗിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെക്കുറിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ് മോദിയുടെ മാതൃഭാഷയല്ലെന്നോര്‍ക്കണമെന്ന് പറഞ്ഞാണ് സ്റ്റാലിന്‍ അദ്ദേഹത്തെ ഹിപ്പോക്രാറ്റ് എന്ന് വിശേഷിപ്പിച്ചത്. മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കപടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്. മോദിയുടെ കണ്ണീരിനെ അദ്ദേഹത്തിന്റെ കണ്ണുകള്‍ തന്നെ വിശ്വസിക്കില്ല, പിന്നെയെങ്ങനെയാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ അത് വിശ്വസിക്കുക സ്റ്റാലിന്‍ പരിഹസിച്ചു.