CMDRF

‘നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം’; മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

‘നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം’; മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
‘നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം’; മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അനുശോചനം അറിയിച്ചത്. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും നിപ നിയന്ത്രണത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 246 പേരും അതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 63 പേരുമാണ് നിലവിലുള്ളത്. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താത്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top