തിരുവനന്തപുരം: തൃശൂര്‍ പൂരം വിവാദത്തില്‍ തുടക്കത്തിലേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു. തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമം നടന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. സാമൂഹിക അന്തരീക്ഷം തകര്‍ക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പ്രശ്‌നമുണ്ടായി. എക്‌സിബിഷനുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ആദ്യം ഉയര്‍ന്നത്. ആ ഘട്ടത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. അതിന് പരിഹാരമാകുകയും ചെയ്തു. ആനകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നം ഉയര്‍ന്നിരുന്നു. അതും പരിഹരിച്ചു. ഇതിലെല്ലാം സര്‍ക്കാര്‍ നിലപാട് എല്ലാവിഭാഗം ജനങ്ങളും അണിനിരക്കുന്ന പൂരം കുറ്റമറ്റ രീതിയില്‍ നടത്തുക എന്നതിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടമായിരുന്നു പൂരം. അതിന്റെ അവസാനഘട്ടത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായി എന്നത് ഗൗരവമായി എടുത്തത് കൊണ്ടാണ് അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപിയെ ആണ് ഇതിന് ചുമതലപ്പെടുത്തിയത്. ആ അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് 24ന് എനിക്ക് ലഭിച്ചു’ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. അത് സർക്കാർ ഗൗരവമായി കാണുന്നുവെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കുൽസിത ശ്രമവും അനുവദിക്കാൻ കഴിയില്ല. ഇതൊരു ആഘോഷമായി ചുരുക്കി കാണണ്ട. ഇത് ഒരാഘോഷം തകർക്കാൻ മാത്രം ഉള്ള ശ്രമം ആയിരുന്നില്ല. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലിൽ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തതായും പിണറായി പറഞ്ഞു.