ആലപ്പുഴ: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി പിടിക്കാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ വലിയ ത്യാഗം സഹിച്ചതാണ്. ഈ ചരിത്രം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ലേ. ജ്വലിക്കുന്ന ചരിത്രമുള്ള പതാകയാണ് ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് ഒളിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിവര്‍ണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാര്‍ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു. അസ്തിത്വവും പണയം വെച്ച കോണ്‍ഗ്രസ് എങ്ങനെ സംഘപരിവാറിനെ നേരിടുമെന്നുന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍ഡിഎഫിന് അനുകൂല ജനവികാരമാണ് സംസ്ഥാനത്തുള്ളത് എന്നാണ് നാല് മണ്ഡലങ്ങളില്‍ നടത്തിയ പ്രചാരണത്തില്‍ നിന്ന് മനസ്സിലായത്. ജനങ്ങള്‍ എല്‍ഡിഎഫില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.