CMDRF

കേരളത്തെ യു പി ആക്കുമെന്നാണോ പ്രധാനമന്ത്രി പറയുന്നത്? മോദിയുടെ വാദം പരിഹാസ്യമെന്ന് മുഖ്യമന്ത്രി

കേരളത്തെ യു പി ആക്കുമെന്നാണോ പ്രധാനമന്ത്രി പറയുന്നത്? മോദിയുടെ വാദം പരിഹാസ്യമെന്ന് മുഖ്യമന്ത്രി
കേരളത്തെ യു പി ആക്കുമെന്നാണോ പ്രധാനമന്ത്രി പറയുന്നത്? മോദിയുടെ വാദം പരിഹാസ്യമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മികവിനെ രാജ്യത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യപ്പെടുത്താനാവില്ല. കേരളത്തെ യു പി ആക്കുമെന്നാണോ മോദി പറയുന്നത്? മോദിയുടെ വാദം പരിഹാസ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കിയത് കേന്ദ്രമാണ്. പല തവണ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. നേരിട്ടത് കടുത്ത അവഗണന. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണ്. മോദി കേരളത്തില്‍ വന്ന് ബിജെപിക്ക് അവസരം ചോദിക്കുന്നു. കേരളത്തില്‍ നിന്ന് ഒരു ബിജെപി പ്രതിനിധി വേണം എന്നാണ് മോദിയുടെ ആഗ്രഹം. മോഹം ആര്‍ക്കും ആവാമല്ലോ. കേരളത്തില്‍ ഒരു സീറ്റിലും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാവില്ല. വെറുപ്പിന്റെ പ്രത്യശാസ്ത്രത്തെ കേരളം അംഗീകരിക്കില്ല. ബിജെപിയെ അംഗീകരിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് മോദിയെ അറിയിക്കുന്നു.

ആവാസ് പദ്ധതി വഴി വീടുകള്‍ നല്‍കുമെന്ന മോദിയുടെ പ്രഖ്യാനം തമാശ. ലൈഫ് മിഷന്‍ വീടുകള്‍ക്കുള്ള തുകയെങ്കിലും കേന്ദ്രം കൃത്യമായി തരണം. കേന്ദ്രം തരുന്ന ഒന്നര ലക്ഷം രൂപ കൊണ്ട് എങ്ങനെയാണ് വീട് പണിയാനാവുക? ലൈഫ് മിഷന്‍ പദ്ധതി തുടങ്ങും മുമ്പ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിച്ചു, സഹായം അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ കേന്ദ്രം പണം നല്‍കാന്‍ തയ്യാറല്ല. വീടുകള്‍ പണിയാന്‍ സഹായിക്കില്ല എന്നാണ് കേന്ദ്ര നിലപാട്. ലൈഫ് വീടുകള്‍ പാവങ്ങളുടേതാണ്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ തയ്യാറല്ല. അതുകൊണ്ടാണ് കേന്ദ്രം പറഞ്ഞ പരസ്യ പലകകള്‍ സ്ഥാപിക്കാതിരുന്നത്.

ആയുഷ് മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് മോദി ഇന്ന് വലിയ തോതില്‍ സംസാരിച്ചു. കേരളത്തില്‍ നടക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഭാഗം മാത്രമേ കേന്ദ്ര വിഹിതമുള്ളൂ. കേരളത്തെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുമെന്നാണ് മോദിയുടെ വാഗ്ധാനം. അത് രസകരമായ വാഗ്ധാനമാണ്. ഇന്നത്തെ കേരളം രാജ്യാന്തര തലത്തില്‍ പ്രശസ്തി ആര്‍ജിച്ചുകഴിഞ്ഞു.

നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതൊക്കെ കേന്ദ്രം ചെയ്തു. ഏഴ് കൊല്ലം കേരളം അനുഭവിച്ചതിനത്രയും കാരണക്കാര്‍ കേന്ദ്രമാണ്.
കേരളത്തില്‍ മനുഷ്യരാണ് ജീവിക്കുന്നത് എന്ന ചിന്ത കേന്ദ്രത്തിന് വേണമായിരുന്നു. മാരീച വേഷത്തില്‍ വന്ന് കേരളത്തെ മോഹിപ്പിക്കാന്‍ നില്‍ക്കരുത്. കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല തരംഗമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി വലിയതോതിലുള്ള വാഗ്ധാനങ്ങളാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാഗ്ധാനം രാജ്യത്തെ ഏത് നിലയില്‍ എത്തിച്ചുവന്ന് കണ്ടുകൊണ്ടിരിക്കുകയാണ് ജനങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമായി നമ്മുടെ രാജ്യം മാറി. പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തോട് വല്ലാത്തൊരു താല്പര്യമാണ് പ്രധാനമന്ത്രിക്ക് വന്നിരിക്കുന്നത്. കേരളത്തിലെ വികസനത്തിന്റെ പുതിയൊരു വര്‍ഷമാണ് വാഗ്ധാനം ചെയ്യുന്നത്. ദുരിതകാലത്ത് പോലും സംസ്ഥാനത്തെ സഹായിക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോള്‍ പുതിയ വാഗ്ധാനവുമായി വന്നിരിക്കുന്നത്. കേരളത്തെ വികസിപ്പിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കേരളത്തെ തകര്‍ക്കുക എന്നതാണ്.

ബിജെപിക്ക് കേരളത്തോട് വിരോധമാണ്, പകയാണ്. കാരണം നിങ്ങളെ കേരളം സ്വീകരിക്കില്ല എന്നതാണ്. ഇനിയും ബിജെപിയെ കേരളം സ്വീകരിക്കില്ല. ഇനിയും അകറ്റും. അകറ്റിനിര്‍ത്തപ്പെടുക തന്നെ ചെയ്യും. 20 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ബിജെപി രണ്ടാം സ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിന് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഒരു ഇടമുണ്ട്. അത് കേന്ദ്രത്തിന്റെ സഹായത്തോടെ നേടിയതല്ല. കേരളവും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ എല്ലാ മേഖലയിലും കേരളം ഒന്നാമതാണ്. ആ സംസ്ഥാനത്തെയാണ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ പോയതിന്റെ പേരില്‍ ദേശീയപാതയ്ക്ക് അധിക തുക കൊടുത്ത ഭൂമി ഏറ്റെടുക്കേണ്ടി വന്നു. ആ തുക സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചവരാണ് കേന്ദ്രസര്‍ക്കാര്‍.

അതിവേഗ തീവണ്ടി എന്നാണ് ഇപ്പോള്‍ പറയുന്നത്. അതിന് എന്തു പേര് വേണമെങ്കിലും നല്‍കുക. കേരളം അതിനൊരു പേര് നല്‍കി, കെ റെയില്‍. കേരളത്തിന്റെ യാത്രാ ക്ലേശം പരിഹരിക്കണം എന്നത് മാത്രമാണ് സംസ്ഥാനത്തിന്റെ ആവശ്യം. പക്ഷേ, അതിവേഗ തീവണ്ടി എന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ചു. കേരളത്തോട് എന്തെങ്കിലും താല്പര്യമുണ്ടായിരുന്നുവെങ്കില്‍ കെ റെയില്‍ അംഗീകരിക്കുമായിരുന്നു. ഇപ്പോള്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. അടുത്ത ബിജെപി സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കും എന്നാണ് പറയുന്നത്. അടുത്ത ബിജെപി സര്‍ക്കാര്‍ ഉണ്ടാകുമോ എന്ന് ജനങ്ങള്‍ തീരുമാനിക്കും. സംസ്ഥാനത്തിന് വേണ്ടത് ബുള്ളറ്റ് ട്രെയിന്‍ അല്ല. ജില്ലാതലങ്ങളില്‍ നിര്‍ത്തിപ്പോകുന്ന ഒരു ട്രെയിന്‍ സംസ്ഥാനത്തിന് ആവശ്യമാണ്.

കരുവന്നൂരിലെ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതില്‍ ക്രമവിരുദ്ധമായ വായ്പയുണ്ട് എന്ന കാര്യം മനസ്സിലായി. കുറ്റക്കാരില്‍ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട പണം ഈടാക്കാനുള്ള നടപടി 2019ല്‍ തന്നെ തുടങ്ങി. റവന്യൂ റിക്കവറി നടപടിയും സര്‍ക്കാര്‍ തുടങ്ങി. പ്രതികളായവര്‍ ഹൈക്കോടതി സമീപിച്ച് മേടിക്കുകയായിരുന്നു. സഹകരണ വകുപ്പു കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വന്നപ്പോഴും കുറ്റക്കാര്‍ എന്ന് കണ്ടെത്തിയത്. ഒരു സ്ഥലത്ത് നടന്ന ക്രമക്കേടിന്റെ പേരില്‍ എല്ലായിടത്തും കുഴപ്പമാണ് എന്ന തരത്തിലുള്ള പ്രചാരണത്തില്‍ യോജിപ്പില്ല. 313.80 ലക്ഷം രൂപയാണ് നിക്ഷേപമായി ഉണ്ടായിരുന്നത്.
376.43 കൂടിയായിരുന്നു വായ്പ തിരിച്ചടവായി ബാങ്കിന് ലഭിക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപനം നിക്ഷേപം മടക്കി നല്‍കാനുള്ള നടപടി ബാങ്ക് സ്വീകരിച്ചു. 103 കോടി രൂപയുടെ വായ്പ തിരിച്ചടവ് ഇതിനോടകം വന്നു. എട്ടു കോടി 45 ലക്ഷം രൂപയുടെ വായ്പ അനുവദിച്ച് സാധാരണ നിലയിലേക്ക് ബാങ്ക് മാറി.

കുറ്റക്കാര്‍ക്കെതിരെ നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ക്രമവിരുദ്ധമായ ഒരു നടപടിയും ഒരിടത്തും അനുവദിക്കാതിരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടല്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലാ സെക്രട്ടറിക്ക് നൂറുകോടി രൂപയില്‍ അധികം സ്വത്തുണ്ട് എന്ന് പറഞ്ഞത് അപഹാസ്യം. എം എം വര്‍ഗീസിന് 100 കോടിയുടെ സ്വത്ത് ഉണ്ടെന്നു പറഞ്ഞാല്‍ നാട്ടില്‍ വില പോകും എന്നാണോ കരുതുന്നത്? പാര്‍ട്ടിയുടെ പേരില്‍ പലതും നാട്ടില്‍ വിവിധയിടങ്ങളിലുണ്ട്. അത് ജില്ലാ സെക്രട്ടറിയുടേത് എന്ന തരത്തില്‍ പറയുന്നത് കടന്ന കൈ. കയ്യിലുള്ള പണം മാത്രം വെച്ചല്ല തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. കൂടുതല്‍ ബുദ്ധിമുട്ടിക്കാനാണ് തീരുമാനമെങ്കില്‍ കൂടുതല്‍ പണം നാട്ടുകാര്‍ നല്‍കും. സുനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും തരത്തില്‍ ക്ഷീണിപ്പിക്കാം എന്നത് നടക്കുന്ന കാര്യമല്ല. പാര്‍ട്ടിയുടെ പേരില്‍ പലയിടങ്ങളിലും സ്വത്തുക്കള്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top