കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ തോല്‍പ്പിക്കുക എന്നതല്ല ലക്ഷ്യമെന്നും വിദ്യാഭ്യാസത്തില്‍ നിലവാരം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ല എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും തെറ്റിദ്ധാരണ ജനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാണുന്നത് വായിക്കാനും പറയുന്നത് എഴുതാനും കുട്ടികള്‍ക്ക് കഴിയണം. മൂന്നും നാലും സമം ഏഴ് എന്നതിന് പകരം ആറ് എന്ന് പറയുന്ന കുട്ടികളെയല്ല ആവശ്യം. വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്ന് പറയുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്നും അദ്ദേ?ഹം ചോദിച്ചു. ദേശീയ ശരാശരിയുടെ പിന്നില്‍ നില്‍ക്കേണ്ടവരാണോ നമ്മള്‍. എല്ലാ ഘട്ടത്തിലും നമ്പര്‍ വണ്‍ എന്നല്ലേ നമ്മള്‍ അവകാശപ്പെടാറ്. ചില കാര്യങ്ങളില്‍ പിറകിലാണെങ്കില്‍, പിറകിലാണെന്ന് മനസ്സിലാക്കിയാലേ അത് പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഇപ്പോഴത്തെ ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്: കെ സുരേന്ദ്രന്‍
നിലവാരമില്ലാത്ത കുട്ടിയായി വളര്‍ന്നാല്‍ കോളേജിലും പ്രൊഫഷണല്‍ രംഗത്തും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയേക്കാള്‍ പിറകില്‍ നില്‍ക്കേണ്ടവരാണോ നമ്മള്‍. ഓള്‍ പ്രൊമോഷന്‍ എന്ന നയം വന്നതോടെ പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസാകുമെന്ന നില വന്നു. മികച്ച നിലവാരത്തോടെ എല്ലാവരെയും ജയിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.