തിരുവനന്തപുരം: തൃശ്ശൂര്‍ വെളപ്പായയില്‍ പാട്‌ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ റെയില്‍വെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണ്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കും’. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനില്‍ നിന്ന് പ്രതി രജനീകാന്ത തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും എഫ്ഐആറില്‍ പറയുന്നു.
എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത ട്രെയിനില്‍ കയറുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പാണ് ടിക്കറ്റിനെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടര്‍ന്ന് പിഴ ഒടുക്കാന്‍ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നില്‍ക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. പ്രതി രജനീകാന്ത (42) ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.