തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായ വരെ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി. ഉരുൾവഴി പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരുന്നുണ്ടെന്നും മാധ്യമങ്ങൾക്ക് നൽകിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ നടന്നു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സംസ്കാരത്തിന് കൂടുതൽ സ്ഥലം ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈന്യം, വനം വകുപ്പ്, ഫയർഫോഴ്സ് എന്നിവരെ ഇന്ന് പ്രത്യേകമായി നിയോഗിച്ചു.
224 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങളും ശരീരവും മറവ് ചെയ്യുന്നതിന് ഭൂമി ഏറ്റെടുക്കാൻ കളക്ടർക്ക് നിർദേശം നൽകി. മൃതദേഹങ്ങൾ കടലിൽ എത്തിയോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി. സ്കൂൾ ക്യാമ്പുകളിൽ നിന്ന് ദുരിത ബാധിതരെ മാറ്റും. പകരം സംവിധാനം കണ്ടെത്തും. കുട്ടികളുടെ പഠനം മുൻനിർത്തിയാണ് ഈ തീരുമാനം. ദുരന്ത ബാധിത വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ വീണ്ടെടുക്കും. പൊലീസിന്റെ സഹായം ഇതിനായി തേടും.അപകടാവസ്ഥയിലൂടെ കെട്ടിടങ്ങൾ ഉടമകളുടെ അനുമതിയോടെ പൊളിച്ച് നീക്കും. സൈന്യത്തിന്റെ തുടർ നടപടികൾ ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതപ്പെടുത്തി. വിവിധ സേനകളിൽ നിന്ന് 1174 പേർ തെരച്ചിലിൽ പങ്കെടുക്കുന്നു. നാട്ടുകാരും വോളന്റിയർമാരും തിരച്ചിലിനുണ്ട്.
ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്. ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും.
ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളിലെ ക്രമസമാധാന പരിപാലനം ശക്തിപ്പെടുത്തേണ്ടതാണ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. പൊതു കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ നാശനഷ്ടം വിലയിരുത്തിപൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം ‘ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തല്‍’ (Post Disaster Needs Assessment) ദുരന്ത നിവാരണ അതോറിറ്റി നടത്തും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ച 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെതൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും.
മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ ക്യാമ്പ്ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണ്. മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു എന്നിവരാണ് സമിതി അംഗങ്ങള്‍. മറ്റ് മന്ത്രിമാരും വയനാട്ടിലെത്തി ബന്ധപ്പെട്ട മേഖലകളിലെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് മാത്രമായി 150 ലധികം ജീവനക്കാരെയാണ് നിയോഗിച്ചത്. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വയനാട്ടിലെ വിവിധ ആശുപത്രികളില്‍ നിന്നും ജീവനക്കാരുണ്ട്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റ്മാര്‍, ഹെഡ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ ആദ്യ ദിവസങ്ങളില്‍ മൂന്നും ഇപ്പോള്‍ രണ്ടും ഷിഫ്റ്റുകളായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് 60 ജീവനക്കാരാണ് പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനത്തോടൊപ്പം ഇവരുടെ സേവനവും വിലമതിക്കാനാവാത്തതാണ്.
ഓരോ ദിവസവും ആവശ്യാനുസരണം വോളണ്ടിയേഴ്സിനെ ദൗത്യസേനയുടെ നിര്‍ദ്ദേശപ്രകാരം ദുരന്ത മേഖലകളില്‍ എത്തിക്കും. ആറു മേഖലകളായി തിരിഞ്ഞ് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 750 മുതല്‍ 1000 വരെ വോളണ്ടിയര്‍മാരാണ് ഒരു ദിവസം ഇറങ്ങുന്നത്. ഇന്ന് 1126 പേര്‍ സന്നദ്ധസേനക്കൊപ്പം ദുരന്ത മേഖലയിലുണ്ട്. ഇതിനു പുറമേ 140 ടീമുകളും വോളണ്ടിയര്‍ പ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തും. ഇതിനെല്ലാം സഹായമായി സ്വയം സമര്‍പ്പിച്ച് മുന്നില്‍ നില്‍ക്കുന്ന യുവജനസംഘടനകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.